
ശബരിമല : ശബരീശ മന്ത്രങ്ങൾ അലയടിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സന്നിധാനത്ത് തൃക്കാർത്തിക ദീപങ്ങൾ മലകയറിയെത്തിയ ഭക്തർക്ക് ദർശന സുകൃതമായി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഹിന്ദുക്കൾ ഒരേപോലെ ആഘോഷിക്കുന്ന വിശേഷദിവസമാണ് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. അതുകൊണ്ടുതന്നെ ഈ മണ്ഡലകാലത്തെ തൃക്കാർത്തിക നാളും പൗർണമിയും ഒത്തുചേർന്ന ഇന്നലെ സായംസന്ധ്യയിൽ ആയിരങ്ങളാണ് ശബരീശ ദർശനം നടത്തിയത്.
ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചു.
തുടർന്ന് ദീപം പതിനെട്ടാംപടിയുടെ ഇരുവശങ്ങളിലുമുള്ള ബഹുനില വിളക്കുകളിലേക്ക് ദേവസ്വം ജീവനക്കാർ പകർന്നു. ഈ സമയം തന്നെ തീർത്ഥാകടരും ഡ്യൂട്ടിയിലുള്ള ജീവനക്കാരും ചേർന്ന് സന്നിധാനവും പരിസരവും ദീപാലംക്രിതമാക്കി. തിൻമയുടെ മേലുള്ള നന്മയുടെ വിജയത്തെ അനുസ്മരിപ്പിച്ച് കർപ്പൂര ദീപങ്ങളും മൺചിരാതുകളും നിറഞ്ഞതോടെ സന്നിധാനവും പരിസരവും ശരണം വിളികളാൽ മുഖരിതമായി. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങൾ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാൽ ദീപാരാധന നടത്തുകയും ചെയ്തു. വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയിച്ചു.
വിശ്വാസപ്രകാരം തൃക്കാർത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |