
കണ്ണൂർ: യു.ഡി.എഫ് ശക്തമായ ആധിപത്യം സൂക്ഷിച്ച പഴയ കണ്ണൂർ നഗരസഭയുടെ വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷനുകളിൽ ഇത്തവണ നടക്കുന്നത് അതിശക്തമായ പോരാട്ടം. വിമതഭീഷണി മുതൽ വെൽഫെയർ പാർട്ടിയുടെ സാന്നിദ്ധ്യം വരെയായി ഓരോ ഡിവിഷനിലും മത്സരങ്ങളെ തീർത്തും പ്രവചനാതീതമാക്കുകയാണ്.
യു.ഡി.എഫ് കഴിഞ്ഞ തവണ 488 വോട്ട് ഭൂരിപക്ഷം നേടിയ പടന്ന ഡിവിഷനിൽ ഇത്തവണ ചതുഷ്‌കോണ പോരാട്ടമാണ് നിലവിലെ സ്ഥിരം സമിതി അദ്ധ്യക്ഷ ഷമീമ ടീച്ചറാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. എൽ.ഡി.എഫിനായി റീത്ത ഫർണാണ്ടസും ബി.ജെ.പിക്കായി കൃഷ്ണപ്രഭയും എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി ആയിഷ റുമാനയും ജനവിധി തേടുന്നു.
യു.ഡി.എഫിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നായ വെത്തിലപള്ളി ഡിവിഷനിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി 369 വോട്ടിനാണ് വിജയിച്ചത്. എന്നാൽ, മുസ്ലിം ലീഗ് അവകാശവാദവുമായി രംഗത്തെത്തിയ ഇത്തവണ കെ.മുഹമ്മദ് ഷിബിൽ (യു.ഡി.എഫ്), കെ.ഷഹറാസ് (എൽ.ഡി.എഫ്), ശ്രീജിത്ത്കുമാർ (ബി.ജെ.പി) എന്നിവർക്കിടയിൽ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മേയർ മുസ്ലീഹ് മഠത്തിൽ 319 വോട്ടിന് വിജയിച്ച നീർച്ചാൽ ഡിവിഷനിൽ ഇത്തവണ അഞ്ച് സ്ഥാനാർത്ഥികളാണ്.സി നിസാമി (യു.ഡി.എഫ്), വി.വി.ഫാസില (എൽ.ഡി.എഫ്), സുമ ശെൽവരാജ് (ബി.ജെ.പി),കെ.റഷീദ (എസ്.ഡി.പി.ഐ) , എൽ.ഡി.എഫ് വിമതയായ എം.ഫാസില എന്നിവരാണ് മത്സരിക്കുന്നത്.
അറക്കലിൽ യുദ്ധമാണ്
മുസ്ലിം ലീഗ് കോട്ടയായ അറക്കൽ ഡിവിഷനിൽ ഏഴ് സ്ഥാനാർത്ഥികളാണുള്ളത്. നിലവിലെ ആയിക്കര ഡിവിഷൻ കൗൺസിലറായ കെ.എം.സാബിറ ടീച്ചറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സാബിറ എന്ന അപരസ്ഥാനാർത്ഥിയുടെ വെല്ലുവിളിയും ഇവർക്ക് നേരിടണം. കഴിഞ്ഞ തവണ 573 വോട്ട് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ച ഡിവിഷനിൽ അസീമ റാസിഖാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബിജെപിക്ക് വേണ്ടി എം.ഉഷയും മത്സരിക്കുന്നു . കഴിഞ്ഞ തവണ 1,293 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐയുടെ സ്ഥാനാർത്ഥിയായി കെ.സമീറയും രംഗത്തുണ്ട്. ഇവർക്ക് പുറമെ സമീറ, എ.കെ.ബുഷ്‌റ എന്നീ സ്വതന്ത്രരും മത്സരിക്കുന്നു.
താണയിൽ വെൽഫെയർ പാർട്ടിയുടെ വെല്ലുവിളി
യു.ഡി.എഫ് 234 വോട്ടിന് ജയിച്ച താണ ഡിവിഷനിൽ മുന്നണി ഇത്തവണ വെല്ലുവിളി നേരിടുന്നുണ്ട്. റിഷാം താണ (യു.ഡി.എഫ്), പി.ഷാനവാസ് (എൽ.ഡി.എഫ്) , കെ. രതീഷ് (ബി.ജെ.പി) എന്നിവർക്കൊപ്പം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി സി.ഇംതിയാസും രംഗത്തുണ്ട്. കോർപറേഷനിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്ന ഏക ഡിവിഷൻ കൂടിയാണ് താണ.
ചൊവ്വയിൽ രൂക്ഷം പോരാട്ടം
കഴിഞ്ഞ തവണ 124 വോട്ട് ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച ചൊവ്വ ഡിവിഷനിൽ ഇത്തവണ ശക്തമായ മത്സരമാണ്. എം.പി അനിൽകുമാർ (എൽ.ഡി.എഫ്), ഗിരീശൻ നാമത്ത് (യു.ഡി.എഫ്), ജിജു വിജയൻ (ബി.ജെ.പി), ബി. മനോജ് (പി.കെ രാഗേഷ് വിഭാഗം) എന്നിവരാണ് രംഗത്തുള്ളത്.
സൗത്ത് ബസാർ,ടെമ്പിൾ ഡിവിഷനുകൾ
125 വോട്ട് ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച സൗത്ത് ബസാർ വാർഡിൽ ഇ.ബീന (എൽ.ഡി.എഫ്), അഡ്വ. റോഷ്ന അഷറഫ് (യു.ഡി.എഫ്), എം.ശ്രുതി (ബി.ജെ.പി) എന്നിവർ ത്രികോണ മത്സരത്തിലാണ്.ബി.ജെ.പി ശക്തമായ വെല്ലുവിളി ഉയർത്തുന്ന ടെമ്പിൾ ഡിവിഷൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. എൻ.പി.ഷമ്മി (യു.ഡി.എഫ്), അഡ്വ.അർച്ചന വണ്ടിച്ചാൽ (ബി.ജെ.പി) എന്നിവരാണ് പ്രധാന മത്സരാർത്ഥികൾ.249 വോട്ടിന് വിജയിച്ച ഡിവിഷനാണിത്.
ശ്രദ്ധാകേന്ദ്രമായി തായത്തെരു
കഴിഞ്ഞ തവണ വിമത ഭീഷണിയിൽ വെറും രണ്ട് വോട്ടിന് യു.ഡി.എഫ് വിജയിച്ച തായത്തെരു ഡിവിഷനിൽ ഇത്തവണ അഡ്വ.ലിഷ ദീപക് (യുഡിഎഫ്), എം.ലളിത (ബി.ജെ.പി), സി.എം.അനിത (എൽ.ഡി.എഫ്) എന്നിവരാണ് സ്ഥാനാർത്ഥികൾ.
ഡെപ്യൂട്ടി മേയർക്ക് വിമതയേയും കടക്കണം
യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ കനത്ത വെല്ലുവിളി നേരിടുകയാണ്. വിമതയായി കെ എൻ ബിന്ദു, എൽ.ഡി.എഫിനായി അഡ്വ. വിമലകുമാരി, ബിജെപി സ്ഥാനാർത്ഥിയായി അപർണ പുരുഷോത്തമൻ എന്നിവരുമുണ്ട്.
പ്രവചനാതീത ഡിവിഷനുകൾ വേറെയും
കോൺഗ്രസ് റിബൽ കഴിഞ്ഞ തവണ 321 വോട്ടിന് ജയിച്ച കാനത്തൂരിൽ രേഷ്മ വിനോദാണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥി.എൻ.ഇ.ആര്യാദേവി (എൽ.ഡി.എഫ്), ശ്രീപ്രഭ (ബി.ജെ.പി) എന്നിവരാണ് എതിരാളികൾ. യു.ഡി.എഫ് 275 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച കസാനക്കോട്ട ഡിവിഷൻ നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ സഹദ് മാങ്കടവനെയാണ് മുന്നണി മത്സരിപ്പിക്കുന്നത്. മെഹ്സിന സലീം (എൽ.ഡിഎഫ്), കെ.രഞ്ജിത്ത് (ബി.ജെ.പി), കെ.ഹാഷിം (എസ്.ഡി.പി.ഐ) എന്നിവരാണ് എതിരാളികൾ .ആയിക്കരയിൽ സിറാജുദ്ദീൻ മാങ്ങാട് (യു.ഡി.എഫ്), അസ്ലം പിലാക്കീൽ (എൽ.ഡി.എഫ്), എസ്.വൈശാഖ് (ബി.ജെ.പി), പൂക്കുണ്ടിൽ മുഹമ്മദ് ഇഖ്ബാൽ (എസ്.ഡി.പി.ഐ), ടി.കെ.ആസാദ് (പി.കെ.രാഗേഷ് വിഭാഗം) എന്നിവരാണ് എതിരാളികൾ. യു.ഡി.എഫ് അപരനായി സിറാജുദ്ദീനും രംഗത്തുണ്ട്.കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച താളിക്കാവ് ഡിവിഷനിൽ ഒ.കെ.വിനീഷാണ് മുന്നണിയുടെ സ്ഥാനാർത്ഥി.യു.ഡി.എഫിലെ അജിത്ത് പാറക്കണ്ടി , ബി.ജെ.പിയിലെ കെ.പി.ലത്തീഷ് എന്നിവർ മത്സരം കനപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |