
കണ്ണൂർ: ഒരേ പേരും ഇനീഷ്യലുമുള്ള സ്ഥാനാർത്ഥികൾ വലിയ വെല്ലുവിളിയാണ് ഇത്തവണയും മുന്നണി സ്ഥാനാർത്ഥികൾക്ക് മുന്നിൽ വച്ചിരിക്കുന്നത്. പേരല്ല, വോട്ട് ചെയ്യുമ്പോൾ ചിഹ്നം നോക്കി കുത്തണമെന്ന അഭ്യർത്ഥനയാണ് വോട്ടർമാരോടുള്ള ഇവരുടെ പ്രധാന അഭ്യർത്ഥന.
വെറുതെ വെല്ലുവിളിയായെത്തുന്ന അപരന്മാർ മാത്രമല്ല, മുഖ്യ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ പേരുകൾ തമ്മിലുള്ള സാദൃശ്യവും വെല്ലുവിളിയാണ്. അഴീക്കോട് പഞ്ചായത്തിലെ മയിലാടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേര് കെ.കെ.ബീന, ബി.ജെ.പി സ്ഥാനാർത്ഥി കെ.ബീനയും. ഇവിടെ വോട്ടുകൾ മാറികുത്തുമോ എന്ന ആശങ്ക ഇരു സ്ഥാനാർത്ഥികൾക്കുമുണ്ട്. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പറവൂർ വാർഡിൽ സി.പി.എമ്മും കോൺഗ്രസുമാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. സി.പി.എം സ്ഥാനാർത്ഥി പി. നാരായണൻ , കോൺഗ്രസ് സ്ഥാനാർത്ഥി പി.പി.നാരായണനും. മയ്യിൽ ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി മോഹനനും സി.പി.എം സ്ഥാനാർത്ഥിയായി കെ.മോഹനനും ഇതെ പ്രശ്നത്തിലാണ്. തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റ്യേരി വാർഡിൽ ഇതിലും വലിയ പ്രശ്നമാണ്. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളുടെ പേര് പി.ഷൈനി.
ഉളിക്കൽ പഞ്ചായത്തിലെ തേർമല വാർഡിൽ രണ്ട് നിർമലമാരുണ്ട് സി.പി.എം സ്ഥാനാർത്ഥി നിർമലയും ബി.ജെ.പി സ്ഥാനാർത്ഥി കെ.ജി.നിർമലയും. കോളയാട് മേനച്ചോടിയിൽസി.പി.എം സ്ഥാനാർത്ഥി ടി.ജയരാജനാണെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥി സി ജയരാജനാണ്. മുണ്ടേരി പഞ്ചായത്തിലെ പടന്നോട്ട് കെ.വി.റസീന എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരിക്കുമ്പോൾ എതിരാളി ലീഗിലെ സി.കെ റസീനയാണ്. മാട്ടൂൽ സെൻട്രലിലെ ലീഗ് സ്ഥാനാർത്ഥി കെ.കെ.മുഹമ്മദ് അഷ്റഫിന് സി.പി.എം സ്ഥാനാർത്ഥി കെ.പി.മുഹമ്മദ് അഷ്റഫിന് പോകുന്ന സ്വന്തം വോട്ട് തടയേണ്ടതുണ്ട്, തെക്കുമ്പാട് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി ടി.ലക്ഷ്മണന്റെ എതിരാളി സി.പി.എമ്മിലെ സി ലക്ഷ്മണനാണ്. കോട്ടയം പഞ്ചായത്തിലെ പുളബസാറിൽ സി.പി.എമ്മിലെ പി.റീനയ്ക്ക് കോൺഗ്രസിലെ എം.പി റീനയും പേരിലൂടെ വെല്ലുവിളി തീർക്കുന്നു.
ടോൾബൂത്തിൽ മൂന്ന് മുഹമ്മദുമാർ
വളപട്ടണം പഞ്ചായത്ത് ടോൾബൂത്തിൽ കെ.എം മുഹമ്മദ് നിസാർ(സി.പി.എം), എ.ടി മുഹമ്മദ് ഷഹീർ(ലീഗ്), എ.പി മുഹമ്മദ് ഷെരീഫ് (എസ്.സി.പി.ഐ) എന്നിവർക്കും പേരിലെ സാമ്യം വെല്ലുവിളിയാണ്. കാളയാട് പഞ്ചായത്തിലെ എടയാർ വാർഡിൽ എൻ.കെ.ചന്ദ്രൻ (സി.പി.എം), സി.പി.ചന്ദ്രൻ (ബി.ജെ.പി),എം.ബാലചന്ദ്രൻ (കോൺഗ്രസ്) എന്നിവർ തമ്മിലാണ് മത്സരം. എടക്കാട് ബ്ലോക്കിലെ നാലാംവാർഡിൽ സി.പി ഫൽഗുനൻ(സി.പി.എം), ഫൽഗുനൻ(കോൺഗ്രസ്), പയ്യാവൂർ പഞ്ചായത്തിലെ കുഞ്ഞിപ്പറമ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിനി ചേന്നപ്പള്ളി, സി.പി.എം സ്ഥാനാർത്ഥി മിനി മനോജ്, പട്ടുവം പഞ്ചായത്തിലെ കൂത്താട്ട് വാർഡിൽ തല്ലരിയൻ കൃഷ്ണൻ (ബി.ജെ.പി), തെക്കൻ കൃഷ്ണൻ (എൽ.ഡി.എഫ് സ്വതന്ത്രൻ) എന്നിവർക്കും പേരുകൾ വെല്ലുവിളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |