പറവൂർ: ഹിന്ദുക്കളെയും ക്രൈസ്തവരെയും ഭയപ്പെടുത്തിയാണ് മുസ്ലിംലീഗ് കേരളം ഭരിക്കാൻ ശ്രമിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ശ്രീനാരായണ ജയന്തി ആഘോഷ സമ്മാനദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവർ കേരളത്തിൽ ഭയന്നാണ് ജീവിക്കുന്നത്. പൊതുവായ പല വിഷയങ്ങളിലും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയും വിരട്ടിയുമാണ് ലീഗ് കാര്യങ്ങൾ സാധിക്കുന്നത്. സ്വന്തം മതത്തിന് വേണ്ടി മാത്രമാണ് ലീഗും ലീഗ് നേതാക്കളും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. കേരളത്തിന്റെ പൊതുസമ്പത്ത് മതത്തിന്റെ പേരിൽ അവർ കവർന്നെടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ളീം ലീഗെന്ന് പേരുള്ള പാർട്ടി മതേതരത്വം പറയുമ്പോൾ ആ കെണിയിൽ ഇനിയും വീഴരുത്. മതേതരത്വം ഹിന്ദുക്കൾക്ക് മാത്രമുള്ളതല്ല. ഇപ്പോൾ മതേതരത്വം പറയുന്നവരുടെ എല്ലാം മനസിൽ കടുത്ത മതചിന്ത മാത്രമേയുള്ളൂ. ഹിന്ദുക്കളിലെ അനൈക്യം ചൂഷണം ചെയ്ത് ജനാധിപത്യത്തെ ഇടതും വലതും ചേർന്ന് മതാധിപത്യമാക്കി. ഈഴവർ പരസ്പരം തമ്മിലടിക്കുന്നത് അവസാനിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് പോയാൽ മാത്രമേ സമുദായത്തിന് ഉയർച്ചയുണ്ടാകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റിഅംഗങ്ങളായ കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാർ, ടി.എം. ദിലീപ്, വി.പി. ഷാജി, വി.എൻ. നാഗേഷ്, വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്. അഭിഷേക്, എംപ്ളോയീസ് ഫോറം പ്രസിഡന്റ് എം.ആർ. സുദർശനൻ, പെൻഷണേഴ്സ് ഫോറം പ്രസിഡന്റ് പി.ടി. ശിവസുതൻ, വൈദികയോഗം സെക്രട്ടറി വിപിൻരാജ്, സൈബർസേന ചെയർമാൻ സുധി വള്ളുവള്ളി, ആഘോഷകമ്മിറ്റി ചെയർമാൻ എം.കെ. ആഷിക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |