
കോഴിക്കോട്: കാഴ്‌ചയില്ലാത്തവരുടെ പ്രിയ പുസ്‌തകമാണ് അദ്ധ്യാപികയായ ഡോ. ബിന്ദു ജയകുമാർ. അഞ്ചു വർഷത്തിനിടെ ആയിരം പുസ്തകങ്ങളാണ് ബിന്ദു ടീച്ചർ വായിച്ച് കേൾപ്പിച്ചത്. ദിവസവും പത്രവും വായിച്ച് റെക്കോഡ് ചെയ്യും. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യും.
കൊവിഡ് കാലത്ത് കാസർകോട് സ്വദേശി റൗഫ് തുടങ്ങിയ 'വിജ്ഞാന ദീപം" വാട്സ്ആപ്പ് ഗ്രൂപ്പാണ് ടീച്ചറുടെ പ്രധാന വായനാമുറി. പത്തു പേരായിരുന്നു ആദ്യം ഗ്രൂപ്പിലുണ്ടായിരുന്നത്. ഇപ്പോഴത് ആയിരത്തിലേക്കെത്തി. മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും നിരവധി കാഴ്ചപരിമിതർ ടീച്ചറുടെ വായന ആസ്വദിക്കുന്നുണ്ട്. സോഷ്യൽമീഡിയയിലെ മറ്റ് പ്ലാറ്റ് ഫോമുകളിലും വായന എത്തുന്നുണ്ട്.
കൊവിഡ് കാലത്താണ് കാഴ്ചയില്ലാത്തവർക്കായി പത്രങ്ങൾ വായിച്ചു തുടങ്ങിയത്. പിന്നാലെ പുസ്തക വായനയും തുടങ്ങി. തന്റെ വായനാ മുറിയിലിരുന്ന് ഫോണിലാണ് റെക്കാഡിംഗ്. അഞ്ചുവർഷമായുള്ള ഈ പതിവ് മുടങ്ങിയിട്ടുമില്ല.
സ്‌കൂളിൽ പോകും മുമ്പ് പത്രവായന
രാവിലെ സ്‌കൂളിലേക്കിറങ്ങും മുമ്പ് പത്രങ്ങൾ വായിച്ച് ഗ്രൂപ്പുകളിലിടും. വൈകിട്ട് തിരിച്ചെത്തിയ ശേഷമാണ് പുസ്തകവായന. തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളും കേൾവിക്കാർ ആവശ്യപ്പെടുന്നവയും വായിക്കും. അവധി ദിവസങ്ങളിൽ കാഴ്ച അന്യമായവരുടെ അടുത്തെത്തിയും പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കും. ഓൾഡ് ഏജ് ഹോമുകളിലടക്കം ടീച്ചറുടെ വായന കാത്ത് നിരവധിപ്പേരുണ്ട്.
മലപ്പുറം അരീക്കോട് മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ് ഡോ. ബിന്ദു ജയകുമാർ. ഭർത്താവ് പ്രൊഫ. ഡോ. ജയകുമാർ കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവിയാണ്. മക്കൾ: അതുൽ (എൻജിനിയർ), ഗൗരി (എം.ബി.ബി.എസ് വിദ്യാർത്ഥി).
' ചിലർ വിളിച്ച് അവർക്ക് സന്തോഷം നൽകുന്ന കഥകൾ വായിച്ചുതരുമോ എന്ന് ചോദിക്കും. അത് അവരെ മാത്രം വായിച്ച് കേൾപ്പിക്കും. എന്റെ സ്‌കൂളിലെ കുട്ടികളെക്കൂടി ഇപ്പോൾ വായനയിലേക്ക് കൈപിടിച്ചു നടത്തുന്നുണ്ട്".
- ഡോ. ബിന്ദു ജയകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |