
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഹൃദ്രോഗികൾ നേരിടുന്നത് കടുത്ത അവഗണന. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിങ്കൾ,വ്യാഴം ദിവസങ്ങളിലായി ആയിരക്കണക്കിന് രോഗികളാണ് ഒ.പിയിലെത്തുന്നത്. ഒന്നാം നിലയിലെ ഒ.പിയിൽ നാല് മുറികളിലായിട്ടാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. ഇവിടെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുമ്പോൾ, അവശരായ രോഗികൾക്ക് ഒന്നിരിക്കാൻ കസേരകളോ, കുടിക്കാൻ വെള്ളമോ ആശുപത്രി അധികൃതർ ഒരുക്കിയിട്ടില്ല. മണിക്കൂറുകൾ നീളുന്ന നിൽപ്പിന് ശേഷം എക്കോ പരിശോധന കേന്ദ്രത്തിലെത്തിയാലും ഇവിടെയും ഇതുതന്നെയാണ് സ്ഥതി.
ഇവിടെ വരുന്നവർ ഹൃദ്രോഗികളാണെന്നും ഇവർക്ക് അവശതകൾ ഉണ്ടാകാമെന്നുള്ള ധാരണപോലും ആശുപത്രി അധികൃതർക്ക് ഇല്ലെന്നതാണ് സത്യം.
കസേരയും കുടിവെള്ളവുമില്ല
1.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്ര ചെയ്ത് ക്ഷീണിച്ചെത്തുന്ന നിർദ്ധന രോഗികൾക്ക് ഒ.പി പരിശോധനയ്ക്കും തുടർന്ന് എക്കോ പോലുള്ള പലവിധ പരിശോധകൾക്കായും മണിക്കൂറുകൾ നിൽക്കേണ്ടി വരുന്നു
2. ഒ.പിയിലെത്തുന്ന രോഗികളിൽ അധികവും വൃദ്ധരും സ്ത്രീകളുമാണ്. കോടികൾ മുടക്കി കെട്ടിടം നിർമ്മിച്ചിട്ടും അടിസ്ഥാന സൗകര്യം ഒരുക്കാത്തത് രോഗികളോടുള്ള കടുത്ത അവഗണനയാണെന്ന് കൂട്ടിരുപ്പുകാരും നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു
ഹൃദ്രോഗത്താൽ അവശതയനുഭവിക്കുന്ന രോഗികൾക്ക് ഇരിക്കാൻ കസേരപോലും നൽകാത്തത് തികഞ്ഞ അവഗണനയാണ്. എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
-യു.എം.കബീർ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |