
145 പേർക്കെതിരെ നടപടി
തൊടുപുഴ: രണ്ടു മാസത്തിനിടയിൽ സീബ്രാവര ലംഘിച്ചതിന് ജില്ലയിൽ രജിസ്റ്റർ ചെയ്തത് 145 കേസുകൾ. സീബ്രാ ലൈനുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. കാൽനട യാത്രക്കാരെ പരിഗണിക്കാതെ വാഹനം ഓടിച്ചവർക്കാണ് പിടി വീണത്. നിയമ ലംഘനത്തിന് കേസെടുത്ത് 2000 രൂപ വീതം പിഴ ചുമത്താനുള്ള നടപടികൾ തുടങ്ങി. പിഴ തുക കോടതിയിലാണ് അടയ്‌ക്കേണ്ടത്. മോട്ടോർവാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായാണ് നടപടി സ്വീകരിക്കുന്നത്. സീബ്രാലൈനുള്ള ഭാഗങ്ങളിൽ വാഹനം സുരക്ഷിതമായ അകലത്തിൽ നിറുത്താതിരിക്കുക, സീബ്രാ വരയിൽ യാത്രക്കാർ നിന്നാൽ പോലും വാഹനം നിറുത്താതിരിക്കുക, റെഡ് സിഗ്നൽ മറികടക്കുക തുടങ്ങിയവ മുൻനിറുത്തിയായിരുന്നു പരിശോധന. പ്രധാന റോഡുകളിലെയും ജംഗ്ഷനുകളിലെയും സീബ്രാ ക്രോസിംഗുകളുടെ തൽസ്ഥിതിയും കാൽനട യാത്രക്കാരുടെ സുരക്ഷക്കായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചും കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ആകെയുള്ള 427 സീബ്രാ ക്രോസിംഗുകളിൽ 248 എണ്ണം വ്യക്തമായിട്ടുള്ളതും ബാക്കിയുള്ളവ ഭാഗികമായി മാഞ്ഞുപോയിട്ടുള്ളവയുമാണ്. ഇവ വീണ്ടും തെളിച്ച് വരയ്ക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി മുതൽ നവംബർ വരെ സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ മരിച്ച കാൽനടയാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിറുത്തി ഹൈക്കോടതി നിർദേശ പ്രകാരമാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.
മോണിട്ടറിംഗ് കമ്മിറ്റി
തൊടുപുഴ, മൂന്നാർ, ഇടുക്കി, പീരുമേട്, കട്ടപ്പന എന്നീ ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് മോണിട്ടറിംഗ് കമ്മിറ്റിയുടെ പ്രവർത്തനം. കമ്മിറ്റിയിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ട്രാഫിക് എസ്.ഐ, പൊതുമരാമത്ത് അസി. എൻജിനിയർ എന്നിവർ അംഗങ്ങളാണ്. കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ട് നാഷണൽ ഹൈവേ- 185 (അടിമാലി - കുമളി ) നാഷണൽ ഹൈവേ- 183 (മുണ്ടക്കയം- കുമളി) എന്നീ വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരുണ്ട്. ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ നോഡൽ ഓഫീസറായി, ഇടുക്കി ഡി.സി.ആർ.ബി ഡിവൈ.എസ്.പി, പൊതുമരാമത്ത് നിരത്ത് വിഭാഗം എൻജിനിയർ ഇടുക്കി എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്.
''കാൽ നടയാത്രക്കാരുടെ സുരക്ഷയെ മുൻനിറുത്തി പരിശോധന ശക്തമാക്കും. കുറ്റക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും""
-എസ്. സഞ്ജയ് (എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ഇടുക്കി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |