
വികസനരേഖയിൽ 'എയിംസും' മെട്രോയും വന്നേക്കും
തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചുകയറിയ ബി.ജെ.പി, തലസ്ഥാന വികസനത്തിന് വമ്പൻ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 'വികസിത തലസ്ഥാനം' എന്ന പ്രചാരണമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം ബി.ജെ.പി നടത്തിയത്. ഭരണം കിട്ടിയാൽ 45ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിച്ച് നഗരത്തിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള വികസനരേഖ അവതരിപ്പിക്കുമെന്നും ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. നിരവധി കേന്ദ്രപദ്ധതികൾ അതേപടി തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കി വികസനത്തിന്റെ വഴിതുറക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
കേന്ദ്രസർക്കാരുമായി ചേർന്ന് ഇരട്ടഎൻജിൻ ഭരണമായിരിക്കും തലസ്ഥാനത്ത് നടത്തുകയെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. ഒരു പതിറ്റാണ്ടിലേറെയായി തലസ്ഥാനം പ്രതീക്ഷിക്കുന്ന മെട്രോയും എയിംസും അടക്കമുള്ള വമ്പൻ പദ്ധതികൾ വികസനരേഖയിൽ പ്രഖ്യാപിക്കാനിടയുണ്ട്. പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ നഗരംചുറ്റി 8000കോടി ചെലവുള്ള മെട്രോപദ്ധതിയുടെ ഡി.പി.ആർ തയ്യാറാവുകയാണ്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്. കൊച്ചിയേക്കാൾ വലുതും അത്യാധുനിക സാങ്കേതികവിദ്യയും കോച്ചുകളുള്ളതുമായ മെട്രോയാണ് തിരുവനന്തപുരത്ത് വരുന്നത്. സംസ്ഥാനം പദ്ധതിരേഖ സമർപ്പിച്ചാലുടൻ മെട്രോയ്ക്ക് അതിവേഗത്തിൽ കേന്ദ്രസർക്കാർ അനുമതി നൽകുമെന്നും 20ശതമാനം വിഹിതവും വിദേശവായ്പയ്ക്കുള്ള ഗ്യാരന്റിയും നൽകുമെന്നും വികസനരേഖയിൽ പ്രഖ്യാപിക്കപ്പെടാം.
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച പദ്ധതികൾ നടപ്പാക്കുമെന്നും വികസനരേഖയിൽ പ്രഖ്യാപിക്കപ്പെടാം. തുറമുഖാധിഷ്ഠിത വ്യവസായങ്ങൾക്ക് ഭൂമിയേറ്റെടുക്കാനാവാത്തതും സംരംഭകർക്കായി അടിസ്ഥാന സൗകര്യമൊരുക്കാത്തതും വെല്ലുവിളിയാണ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ വിഴിഞ്ഞം മേഖലയിൽ നഗരസഭയുടെ മുൻകൈയിൽ കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കാനാവും. തലസ്ഥാനത്തും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലും വികസനമെത്തിക്കാനുള്ള തലസ്ഥാനവികസന പദ്ധതിക്ക് കൂടുതൽ ഫണ്ട് നൽകുന്നതടക്കം പ്രഖ്യാപനങ്ങളുമുണ്ടാവാം.
പൈതൃകനഗരമാവാനും വികസന, തലസ്ഥാന നവീകരണ പദ്ധതികൾക്കടക്കം കൂടുതൽ കേന്ദ്രഫണ്ട് ലഭിക്കാൻ വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |