
മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫിന് സർവാധിപത്യം. 30 അംഗ ഭരണ സമിതിയിൽ 19 പേർ ജയിച്ചു. എൽ.ഡി.എഫ് - ഏഴ്, സ്വതന്ത്രർ- മൂന്ന്, ബിജെപി - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മൂവാറ്റുപുഴയുടെ ചരിത്രത്തിൽ യു.ഡി.എഫിന് ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്.
ഒന്നാം വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച സിറ്റിംഗ് കൗൺസിലർ കെ.കെ. സുബൈർ 31 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ബാബുരാജ് മൂന്നാം സ്ഥാനത്ത് പോയി. മുനീർ കെ.കെ. യു.ഡി.എഫ് ആണ് രണ്ടാം സ്ഥാനത്ത്.
22 -ാം വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച കെ.എസ്. ജയകൃഷ്ണനും 20-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന രാജശ്രീ രാജുവും വിജയിച്ചു. 66 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയകൃഷ്ണൻ നായരുടെ വിജയം. വിജയൻ തട്ടായത്ത് എൽ.ഡി.എഫ് ആണ് രണ്ടാം സ്ഥാനത്ത്. 122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനറൽ വാർഡിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തി ജയശ്രീ രാജു വിജയം നേടിയത്.
നാലാം വാർഡിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗം ആർ. രാകേഷ് മൂന്ന് വോട്ടിന് പരാജയപ്പെട്ടത് എൽ.ഡി.എഫിന് ആഘാതമായി. ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ ജി. മനോജ് ആണ് ഇവിടെ വിജയിച്ചത്.
യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ജോയ്‌സ് മേരി ആന്റണി 24-ാം വാർഡിൽ നിന്ന് 176 വോട്ടിന്റെ ഭൂരിപക്ഷത്തിനും രജിത പി. 25 -ാം വാർഡിൽനിന്ന് 255 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു.
യു.ഡി.എഫിന്റെ അഭിമാന പോരാട്ടമായിരുന്ന ഒമ്പതാം വാർഡിൽ നിലവിൽ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ പി.എം. അബ്ദുൽ സലാം 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഫൗസിയ അലിയായിരുന്നു എതിരാളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |