
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാർ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്ന് ജയിച്ചു.കോൺഗ്രസ് സ്ഥാനാർഥിയായ എം.കെ. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് രത്നകുമാർ വിജയത്തിലേക്ക് എത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 141 വോട്ട് ലഭിച്ചപ്പോൾ രത്നകുമാർ 475 വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർഥി സി.കെ. പ്രഭാകരൻ മൂന്നാം സ്ഥാനത്തെത്തി.
എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസിലാണ് രത്നകുമാർ അന്വേഷണ മേൽനോട്ട ഉദ്യോഗസ്ഥനായിരുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഈ വർഷം മാർച്ചിലാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ സ്വദേശിയായ രത്നകുമാർ നിലവിൽ കണ്ണൂരിലാണ് താമസം.
അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നും, പി.പി. ദിവ്യയ്ക്ക് അനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |