തിരുവനന്തപുരം: ആവേശം അലയടിച്ച പകലിൽ കോർപ്പറേഷന്റെ ഇടതുകോട്ട തകർത്ത് താമര വിരിയുന്ന കാഴ്‌ചയ്‌ക്കാണ് ഇന്നലെ മാർ ഇവാനിയോസ് കോളേജ് സാക്ഷ്യം വഹിച്ചത്.
രാവിലെ എട്ടരയോടെ ഇടത്,കോൺഗ്രസ്,ബി.ജെ.പി പ്രവർത്തകർ കൗണ്ടിംഗ് സ്റ്റേഷന് മുന്നിൽ എത്തിത്തുടങ്ങി. കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷിന്റെ വിജയം കോളേജ് കവാടത്തിൽ സ്ഥാപിച്ചിരുന്ന സ്‌പീക്കറിലൂടെ ഉയർന്നുകേട്ടപ്പോൾ കോൺഗ്രസ് അണികളിൽ ആവേശമുയർന്നു. ആദ്യ ഫലം നൽകിയ ശുഭസൂചനയിൽ മുദ്രാവാക്യങ്ങളും മുഴങ്ങി.
എന്നാൽ, പിന്നീട് തുടർച്ചയായി എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയമെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കുറഞ്ഞു. അപ്പോഴേക്കും ബി.ജെ.പി പ്രവർത്തകർ ആവേശത്തിലായി. പിന്നാലെ പ്രവർത്തകരുടെ ഒഴുക്കായിരുന്നു. വിജയിച്ചെത്തിയ ഇടതു സ്ഥാനാർത്ഥികളെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ എതിരേറ്റത്. സിറ്റിംഗ് സീറ്റിൽ പോലും പാർട്ടിക്ക് അടിപതറിയതറിഞ്ഞ ഇടതുപ്രവർത്തകർ പിന്നീട് നിരാശരായി.
ബി.ജെ.പി സ്ഥാനാർത്ഥിയായ ആർ.ശ്രീലേഖയെ ശരണം വിളിയോടെയാണ് പ്രവർത്തകർ എതിരേറ്റത്. വിജയിച്ചതിന് അയ്യപ്പനോട് നന്ദി പറഞ്ഞ് അവർ പ്രവർത്തകർക്കൊപ്പം ശരണം വിളിച്ചു. ശിവസേനയുടെയും ബി.ജെ.പിയുടെയും പതാകകൾ ഉയർത്തി പ്രവർത്തകർ ആവേശത്തിലായി. വിജയികളെല്ലാം തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു.
കവടിയാറിൽ നിന്ന് വിജയിച്ച കോൺഗ്രസിന്റെ കെ.എസ്.ശബരീനാഥാണ് അവസാനമായി കൗണ്ടിംഗ് സ്റ്റേഷനിൽനിന്ന് പുറത്തേക്ക് വന്നത്. ശബരീനാഥ് എത്തിയതോടെ കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |