തൃശൂർ: കൊടികളും ഷാളും തൊപ്പിയും പടക്കവും എല്ലാമായി രാവിലെ എട്ടിന് മുൻപേ വോട്ടെണ്ണുന്ന ഗവ. എൻജിനിയറിംഗ് കോളേജിന് മുൻപിൽ പ്രവർത്തകർ ഹാജർ..! ഒരു മാസം നീളുന്ന പ്രചാരണത്തിന്റെ ഫലം കാത്ത് വന്നതാണവർ. ഒന്നാം ഡിവിഷൻ പൂങ്കുന്നത്തെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മുന്നിൽ കൂടിനിന്ന ബി.ജെ.പി അണികളിൽ ആവേശം.... 'കോട്ടയാണിത്, കോട്ടയാ... കാവിയുടെ കോട്ടയാ' പ്രവർത്തകരുടെ തോളിലേറിയ രഘുനാഥ് സി.മേനോൻ മുദ്രാവാക്യം ഉറക്കെ വിളിച്ചു.
പിന്നാലെ, യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെടുന്ന സുബി ബാബുവും ഒല്ലൂരിൽ നിന്ന് ജയിച്ച കരോളി ജോഷ്വായും വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും വിജയിച്ച് പുറത്തെത്തിയതോടെ കോൺഗ്രസ് അണികളിലും ആവേശം. സുബിയെ ആകാശത്തേക്ക് എടുത്ത് ഉയർത്തിയായിരുന്നു യു.ഡി.എഫിന്റെ ആഹ്‌ളാദ പ്രകടനം.
ആഘോഷത്തിന് അവസരം കാത്തുനിന്ന ഇടതുകൂട്ടത്തിന് ആവേശമായി വടൂക്കരയിലെ എം.എസ്.സിജിത്തിന്റെ വൻവിജയം. 1422 വോട്ടിന്റെ വൻഭൂരിപക്ഷമാണ് സിജിത്ത് നേടിയത്. ലാലൂർ ഡിവിഷനിൽ 1,527 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ലാലി ജയിംസാണ് കോർപറേഷനിൽ വൻമാർജിനിൽ വിജയിച്ചത്. ഇതിനിടെ ചിയ്യാരം സൗത്തിൽ നിന്നും കുട്ടിറാഫിയും കുരിയച്ചിറയിൽ നിന്നും ഷോമി ഫ്രാൻസിസും വിജയിച്ചതോടെ സ്വതന്ത്രരുടെയും വിമതരുടെയും ആഹ്‌ളാദവും വാനിലുയർന്നു. കോൺഗ്രസ് അണികൾക്ക് ആവേശമായി രാജൻ ജെ.പല്ലൻ എൻജിനിയറിംഗ് കോളേജിന് മുന്നിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചപ്പോൾ എൽ.ഡി.എഫ് അണികൾക്കൊപ്പം പി.കെ.ഷാജനും വർഗീസ് കണ്ടംകുളത്തിയും നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |