
കോട്ടയം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ ഒമ്പതിൽ അഞ്ച് അസംബ്ളി മണ്ഡലങ്ങളിൽ വിജയക്കൊടി പാറിച്ച എൽ.ഡി.എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ അടിപതറി. വൈക്കമൊഴികെ എട്ടു മണ്ഡലങ്ങളിലും യു.ഡി.എഫ് സമഗ്രാധിപത്യം നേടി. 71 പഞ്ചായത്തുകളിൽ 42 ഇടത്തും, 11 ബ്ലോക്കുകളിൽ ഒൻപതിലും, 6 നഗരസഭകളിൽ 4 ഇടങ്ങളിലും വിജയിച്ചാണ് ഈ നേട്ടം. രണ്ട് നഗരസഭകളിൽ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ്.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശത്തോടെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിടത്തെ എൽ.ഡി.എഫ് ജയം. എന്നാൽ, ഇത്തവണ പാലാ നഗരസഭയിൽ പോലും വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ കേരള കോൺഗ്രസ് (എം) അധികാരത്തിൽ നിന്ന് പുറത്താകുന്ന സ്ഥിതിയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ വിജയിച്ച കേരള കോൺഗ്രസ് (എം) തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നിലായി. മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഉറച്ച ഇടതുകോട്ടയായ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനും രണ്ട് ബ്ലോക്ക് ഡിവിഷനും എൽ.ഡി.എഫിന് നഷ്ടപ്പെട്ടു.
കടുത്തുരുത്തിയും
ജോസിന് സേഫല്ല
മാണിഗ്രൂപ്പ് ശക്തികേന്ദ്രങ്ങളായ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നിലെത്തിയതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ചെയർമാൻ ജോസ് കെ.മാണി എവിടെ മത്സരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കടുത്തുരുത്തിയിലേക്ക് മാറുമെന്ന പ്രചാരണം സജീവമായിരിക്കെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി. ഇവിടെ ഭൂരിഭാഗം പഞ്ചായത്തുകളിലേക്കും യു.ഡി.എഫ് പടർന്നുകയറി. നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റെന്ന ജോസിന്റെ അവകാശവാദത്തിനും തദ്ദേശ തിരഞ്ഞെടുപ്പോടെ മങ്ങലേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |