
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കാൻ എൽ.ഡി.എഫ് ഒരുങ്ങുമ്പോൾ ,വാർഡുതലത്തിൽ വിജയം വിലയിരുത്തി യു.ഡി.എഫ്. തിരുവനന്തപുരം നഗരസഭ നേടിയതിനോടൊപ്പം സംസ്ഥാനതലത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കാനായത് മാതൃകയാക്കാൻ എൻ.ഡി.എ.
നിരവധി തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടെങ്കിലും അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും സ്വർണ്ണക്കൊള്ളക്കേസും വോട്ടായി മാറിയെങ്കിലും ചിട്ടയായ പ്രവർത്തനമാണ് വിജയം നൽകിയതെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.
മൂന്നാം ടേം പ്രതീക്ഷിക്കുന്ന സർക്കാരിന് ആശങ്കയുണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ഫലമായതിനാൽ അടിയന്തര അവലോകന യോഗങ്ങളിലേക്ക് കടക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഇന്ന് സി.പി.എം സെക്രട്ടേറിയറ്റ് ചേരും. 14 ജില്ലകളിലെയും തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യും. നാളെ എൽ.ഡി.എഫ് യോഗം ചേരും..കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കൂടുതൽ കോർപ്പറേഷനുകൾ പിടിച്ചെടുത്തത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാവൂം.. ഈ ആഴ്ച കെ.പി.സി.സി, യു.ഡി.എഫ് യോഗങ്ങൾ ചേരും..തെക്കൻ കേരളത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയ എൻ.ഡി.എ, തിരുവനന്തപുരം നഗരസഭ പിടിച്ചെടുത്തതാണ് വൻ വിജയമായി ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അക്കൗണ്ട് തുറക്കാനുള്ള ശ്രമം ആരംഭിക്കാനാണ് ജില്ലാ നേതൃത്വത്തിന് നിർദ്ദേശം. രണ്ടു ദിവസത്തിനുള്ളിൽ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി ചേരും.
വി.വി.രാജേഷ്
മേയറായേക്കും
തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ്, മുൻ ഡി.ജി.പി ആർ. ശ്രീലേഖ എന്നിവരാണ് പരിഗണനയിൽ. വി.വി രാജേഷ് മേയറായാൽ ശ്രീലേഖ ഡെപ്യൂട്ടി മേയറാവും.
യു.ഡി.എഫ് ചരിത്ര വിജയം നേടിയ കൊല്ലം കോർപ്പറേഷനിൽ കെ.പി.സി.സി അംഗവും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റൂമായ എ.കെ ഹഫീസിനെയാണ് മേയറായി പരിഗണിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്‌റ് വി.കെ മിനിമോൾ എന്നിവരാണ് പരിഗണനയിൽ. തൃശൂർ കോർപ്പറേഷൻ മേയറായി മഹിള കോൺഗ്രസ് നേതാക്കളായ ലാലി ജെയിംസ്, ശ്യാമള മുരളീധരൻ, ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യൂട്ടി മേയറുമായി സുബി ബാബു, ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ എന്നിവരാണ് പരിഗണനയിൽ. കണ്ണൂർ കോർപ്പറേഷനിൽ നിലവിലെ ഡെപ്യൂട്ടി മേയർ അഡ്വ. പി .ഇന്ദിര, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ എന്നിവരെയാണ് പരിഗണിക്കുന്നത്. എൽ.ഡി.എഫ് ഭരണം നിലനിർത്തിയ കോഴിക്കോട് കോർപ്പറേഷനിൽ ഡോ. ജയശ്രീ കോട്ടൂളി, മുൻ ഡെപ്യൂട്ടി കളക്ടർ അനിതാ കുമാരി, ഒതയമംഗലത്ത് സദാശിവൻ എന്നിവരാണ് പട്ടികയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |