
തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി ഇതുവരെ 1000 നഴ്‌സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സി എന്ന നിലയില്‍ സുരക്ഷിതവും സുതാര്യവും ചൂഷണരഹിതവുമായ വിദേശ റിക്രൂട്ട്‌മെന്റുകള്‍ എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്.
ചുരുങ്ങിയകാലത്തിനുളളിലാണ് ഈ മികച്ച നേട്ടം കൈവരിക്കാനായതെന്നും ആഘോഷചടങ്ങുകളില്‍ പങ്കെടുത്ത് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നഴ്‌സിംങ് ഇതര മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച ഇലക്ട്രീഷ്യന്‍മാരുടെ നിയമനവും (ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് പദ്ധതി) വലിയ വിജയമായി. ജര്‍മ്മനിയലെ ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, എഞ്ചിനിയറിംങ് മേഖലകളിലേയ്ക്കു കൂടി ട്രിപ്പിള്‍ വിന്‍ മാതൃകയിലുളള റിക്രൂട്ട്‌മെന്റ് വിപുലീകരികരണം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴില്‍ കുടിയേറ്റത്തിന് രാജ്യത്തെ തന്നെ മികച്ച മാതൃകയായി ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി മാറിയെന്ന് ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു. തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, നോര്‍ക്ക റൂട്ട്‌സ് ജീവനക്കാര്‍ എന്നിവരും സംബന്ധിച്ചു. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി അഞ്ചു ഘട്ടങ്ങളിലായി ഇതുവരെ തിരഞ്ഞെടുക്കപ്പട്ട 1712 ഉദ്യോഗാര്‍ത്ഥികളില്‍ 1020 പേരാണ് നിയമനം ലഭിച്ച് ജര്‍മ്മനിയിലെത്തിയത്.
ജര്‍മ്മനിയിലെ 13 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഡ് നഴ്‌സ് തസ്തികയിലാണ് നിയമനം. കേരളത്തില്‍ നിന്നുളള നഴ്‌സിംഗ് പ്രെഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള. 2021 ഡിസംബറിലാണ് ഇതിനായുളളകരാറില്‍ ഒപ്പിട്ടത്.
ഇന്ത്യയില്‍ ട്രിപ്പിള്‍ വിന്‍ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. ട്രിപ്പിള്‍ വിന്‍ പദ്ധതി വഴിയുളള ജര്‍മ്മന്‍ ഭാഷാ പരിശീലനവും റിക്രൂട്ട്‌മെന്റും ഉദ്യേഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്. നിലവില്‍ ജര്‍മ്മന്‍ ഭാഷയില്‍ ബി 1, ബി 2 യോഗ്യതയുളള നഴ്‌സിംങ് ബിരുദമുളളവര്‍ക്ക് ഫാസ്റ്റ്ട്രാക്ക് വഴിയും, പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമും നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കിവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |