
ഒരുലക്ഷം പേരിൽ 173 രോഗികൾ
തിരുവനന്തപുരം: ക്യാൻസർ രോഗികളുടെ എണ്ണത്തിൽ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 54 ശതമാനം വർദ്ധന. ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കേണ്ട അവസ്ഥയിലേക്ക് കേരളം നീങ്ങുന്നു.
2019 മുതൽ 2024വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ ഓരോ വർഷവും 1,000ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. ഒരുലക്ഷം പേരിൽ 173 പേർക്ക് ക്യാൻസർ. 2014ൽ ഇത് 114 ആയിരുന്നു. ദേശീയ ശരാശരി 98.5ൽ നിൽക്കുമ്പോഴാണിത്.
2015ലെ 39,672 കേസുകളിൽ നിന്ന് 2024ൽ 61,175ആയി. 2018നും 2019നുമിടയിൽ സംസ്ഥാനത്ത് അമ്പരപ്പിക്കുന്ന വർദ്ധനയുണ്ടായി. 8,766 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് എല്ലാവർഷവും 1,000 രോഗികളെന്ന നിലയിലേക്ക് മാറിയത്. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ രോഗബാധിതരാവുന്നു.
രോഗകാരണത്തിന് കൃത്യമായ ഉത്തരമില്ല. എങ്കിലും, ജീവിതശൈലിയാണ് വില്ലനെന്ന് വിദഗ്ദ്ധർ പറയുന്നു. തെറ്റായ ഭക്ഷണരീതി, അമിതവണ്ണം, മദ്യപാനം എന്നിവയ്ക്ക് ക്യാൻസറുമായി അഭേദ്യബന്ധമുണ്ട്.
തമിഴ്നാട് (137), കർണാടക (139), ആന്ധ്രാപ്രദേശ് (144) എന്നിങ്ങനെയാണ് പ്രതിശീർഷ ക്യാൻസർ കേസുകൾ. ഐ.സി.എം.ആർ നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരമാണിത്. ലോക്‌സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയാണ് കണക്കുകൾ വ്യക്തമാക്കിയത്.
ജങ്ക് ഫുഡ്,
അമിതവണ്ണം
1. വിഷാംശംകലർന്ന പച്ചക്കറികൾ, റെഡ് മീറ്റ്, ജങ്ക് ഫുഡ്സ്, കരിച്ചെടുക്കുന്ന ഭക്ഷണം എന്നിവ വൻകുടൽ, ചെറുകുടൽ, അന്നനാളം, ആമാശയം, മലദ്വാരം എന്നിവയിൽ ക്യാൻസറുണ്ടാക്കും
2. സ്‌തനം, വൃക്ക, അന്നനാളം, പാൻക്രിയാസ്, പിത്തസഞ്ചി എന്നിവിടങ്ങളിലെ രോഗത്തിന് അമിതവണ്ണം കാരണമായേക്കാം. മദ്യപാനം കരളിനെയും വൻകുടലിലെയും ക്യാൻസറിലേക്ക് നയിക്കും
കഴിഞ്ഞ 6 വർഷത്തെ
ക്യാൻസർ രോഗികൾ
2024..........................61,175
2023..........................60,162
2022..........................59,143
2021.........................58,139
2020..........................57,155
2019.........................56,148
തിരുവനന്തപുരം ആർ.സി.സി, മലബാർ, കൊച്ചി ക്യാൻസർ സെന്ററുകൾ കേന്ദ്രീകരിച്ചാണ് വിവരശേഖരണം. മറ്റ് ആശുപത്രികളിലെ കണക്കുകൂടി ശേഖരിച്ചാൽ രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കും. രോഗംപെരുകുന്ന മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആവശ്യമാണ്.
-ഡോ. എം.വി.പിള്ള,
ക്യാൻസർരോഗ വിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |