
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പരാമർശിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് 'പോറ്റിയെ കേറ്റിയേ" എന്ന പാരഡി ഗാനമിറക്കിയതിനെതിരായ എഫ്.ഐ.ആർ മറ്റൊരു പാരഡി ആയേക്കും. കേസ് നിലനിൽക്കാനിടയില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ വിലയിരുത്തൽ. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ച് മതവിദ്വേഷം വളർത്താനും മതസൗഹാർദ്ദം ഇല്ലാതാക്കാനും ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഭക്തരുടെ മതവിശ്വാസത്തെ ദോഷമായി ബാധിച്ചെന്ന് കണ്ടെത്തിയാണ് ഭാരതീയ നിയമ സംഹിതയിലെ 299(മതവികാരം വ്രണപ്പെടുത്തൽ), 353(1)(സി) (സമൂഹത്തിൽ വൈരാഗ്യം സൃഷ്ടിക്കൽ) വകുപ്പുകൾ ചുമത്തിയത്. മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഇത് കോടതിയുടെ പ്രഥാമിക പരിഗണനയിൽത്തന്നെ തള്ളാനാവുന്നതാണെന്നാണ് നിയമ വിദഗ്ദ്ധരുടെ നിരീക്ഷണം. കേസെടുത്തതിനു പിന്നാലെ സ്വർണക്കൊള്ളയെ പരിഹസിച്ച് നിരവധി പാരഡിഗാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കോടതിയിൽ കേസ് റദ്ദാക്കപ്പെട്ടാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഇവയെല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണഗാനങ്ങളായി മാറാനിടയുണ്ട്.
അയ്യപ്പസ്വാമിയെക്കുറിച്ചോ ശബരിമലയുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചോ ഇകഴ്‌ത്തിപ്പാടുകയാണെങ്കിൽ മാത്രമേ മതവികാരം വ്രണപ്പെടുത്തലാവൂ. പാരഡിപ്പാട്ട് ഇന്ത്യൻ ഭരണഘടനയുടെ 19 (1) (എ) പ്രകാരമുള്ള അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്നാണ് നിരീക്ഷണം. അതിനാൽ ഭാരതീയ ന്യായ സംഹിതയുടെ 299-ാം വകുപ്പനുസരിച്ച് മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുത്തത് നിലനിൽക്കില്ല. സർക്കാർ സ്വമേധയാ എടുത്ത നടപടിയല്ലെന്നും ലഭിച്ച പരാതിയിൽ പൊലീസ് നടപടിയെടുക്കുകയായിരുന്നുവെന്നുമാണ് സർക്കാരിന്റെ വിശദീകരണം. തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള, ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമ്മാതാവ് സുബൈർ പന്തല്ലൂർ എന്നിവർക്കെതിരേയാണ് കേസ്.
''മതവിദ്വേഷമുണ്ടാക്കിയെന്ന കുറ്റംനിലനിൽക്കില്ല. സ്വർണക്കൊള്ളയെക്കുറിച്ചുള്ള വസ്തുതകൾ മാത്രമാണ് പാട്ടിലുള്ളത്. അയ്യപ്പനോടുള്ള അവഹേളനം പാട്ടിലെ വരികളിലില്ല. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾക്ക് കോടതിയെ സമീപിക്കാം.
റിട്ട. ജഡ്ജി ജസ്റ്റിസ് ബി.കെമാൽപാഷ
''മതവിശ്വാസത്തെ അപമാനിച്ചെന്നകുറ്റം ഈ കേസിൽ നിലനിൽക്കില്ല. പാട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പരിധിയിൽ വരില്ല.
-ടി.അസഫലി(മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ)
പരാതിക്കാരനെതിരെയും പരാതി
റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി എന്ന മേൽവിലാസത്തിൽ പ്രസാദ് കുഴിക്കാല നൽകിയ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, പ്രസാദ് കുഴിക്കാലയുടെ സംഘടനയെകുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. പരാതി രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറി. അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് ആണ് പരാതിക്കാരൻ. പ്രസാദിന്റെ പരാതി തള്ളി തിരുവാഭരണപാത സംരക്ഷണസമിതി ചെയർമാൻ കെ.ഹരിദാസും രംഗത്തുവന്നിരുന്നു. തങ്ങളുടെ സംഘടനയിൽനിന്നും പുറത്തുപോയ വ്യക്തിയാണ് പ്രസാദെന്നും ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |