
കൊൽക്കത്ത: തുടർച്ചയായ തോൽവികളും ബാറ്റിംഗ് നിരയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളടക്കം ചൂണ്ടി കാണിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനങ്ങളാണ് ദിവസേന ഉയരുന്നത്. ഇപ്പോഴിതാ ഗംഭീറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം കപിൽ ദേവ്.
ഗംഭീറിനെ കോച്ചെന്ന് വിളിക്കാൻ കഴിയില്ലെന്നും മാനേജറെന്ന് പറയുന്നതായിരിക്കും അഭികാമ്യമെന്നും കപിൽ ദേവ് പറഞ്ഞു. പരിശീലകന്റെ ദൗത്യം താരങ്ങളെ പഠിപ്പിക്കലല്ല, മറിച്ച് അവരെ കൃത്യമായി കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും കപിൽ ദേവ് അഭിപ്രായപ്പെട്ടു. കൊൽക്കത്തയിൽ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്നത്തെ കാലത്ത് 'കോച്ച്' എന്നത് വളരെ സാധാരണ വാക്കായി മാറിയിരിക്കുന്നു. ഗൗതം ഗംഭീറിന് ഒരു കോച്ചാകാൻ കഴിയില്ല, മറിച്ച് ടീമിനെ നയിക്കുന്ന മാനേജറാകാൻ മാത്രമേ സാധിക്കൂ. സ്‌കൂളിലും കോളേജിലും നമ്മളെ പഠിപ്പിക്കുന്നവരെയാണ് കോച്ച് എന്ന് വിളിക്കേണ്ടത്.
ഗംഭീർ എങ്ങനെയാണ് ഒരു ലെഗ് സ്പിന്നർക്കോ വിക്കറ്റ് കീപ്പർക്കോ പരിശീലനം നൽകുന്നത്? അവർക്ക് ആത്മവിശ്വാസം നൽകി പിന്തുണയ്ക്കുകയാണ് മാനേജർ ചെയ്യേണ്ടത്. കളിക്കാർക്ക് കംഫർട്ട് ഒരുക്കുകയാണ് മാനേജരുടെ ജോലി. ഒരാൾ സെഞ്ച്വറി അടിച്ചാൽ ആ താരത്തിനൊപ്പം ഡിന്നർ കഴിക്കുന്നതിലല്ല മറിച്ച് പ്രകടനം മോശമായ താരത്തിന് ആത്മവിശ്വാസം നൽകുന്നതിലാണ് കാര്യം,' കപിൽദേവ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |