
ചെന്നൈ: 56കാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ വയോധികന്റെ രണ്ട് ആൺമക്കൾ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂർ പോത്താട്ടൂർപേട്ടൈ സ്വദേശിയും ഗവ.സ്കൂളിലെ ലാബ് അസിസ്റ്റന്റുമായിരുന്ന ഇ പി ഗണേശനാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഗണേശൻ പാമ്പുകടിയേറ്റ് മരിച്ചത്.
വീട്ടിൽവച്ചാണ് ഗണേശന് പാമ്പുകടിയേറ്റതെന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടർന്ന് പൊലീസ് അപകടമരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നാൽ വൈകാതെ ഗണേശന്റെ പേരിലുള്ള ഇൻഷുറൻസ് പോളിസിയുടെ ക്ലെയിം നടപടികൾ ആരംഭിച്ചതോടെയാണ് മരണത്തിൽ സംശയമുയർന്നത്. ഗണേശന്റെ പേരിൽ ഉയർന്ന തുകയുടെ ഒട്ടേറെ പോളിസികൾ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇൻഷുറൻസ് കമ്പനി അധികൃതർക്ക് സംശയത്തിനിടയാക്കിയത്.
മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും കമ്പനിക്ക് സംശയമുണ്ടായി. തുടർന്ന് കമ്പനി അധികൃതർ തമിഴ്‌നാട് നോർത്ത് ഐജിക്ക് പരാതി നൽകുകയായിരുന്നു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇൻഷുറൻസ് തുകയ്ക്കായി മക്കൾ തന്നെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. പിന്നാലെ ഗണേശന്റെ മക്കളായ മോഹൻരാജ് (26), ഹരിഹരൻ (27) എന്നിവർ അറസ്റ്റിലാവുകയായിരുന്നു.
കൊലയ്ക്ക് മുൻപായി പ്രതികൾ പിതാവിന്റെ പേരിൽ മൂന്ന് കോടിയോളം രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തിരുന്നു. പാമ്പിനെക്കൊണ്ട് കടിപ്പിച്ചതിനുശേഷം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു ശ്രമം. ആദ്യം മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചെങ്കിലും ശ്രമം പാളുകയും ഗണേശൻ രക്ഷപ്പെടുകയും ചെയ്തു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെക്കൊണ്ടാണ് പിന്നീട് ഗണേശനെ കടിപ്പിച്ചത്. പ്രതികൾ തന്നെ പാമ്പിനെ അടിച്ചുകൊല്ലുകയും ചെയ്തു. പാമ്പ് കടിയേറ്റിട്ടും ഏറെ വൈകിയാണ് ഗണേശനെ പ്രതികൾ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഗണേശന്റെ മക്കൾക്ക് പുറമെ കൊലപാതകത്തിന് സഹായിച്ച മറ്റുനാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |