
കിളിമാനൂർ: ഉത്സവ സീസണിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മൺപാത്ര നിർമ്മാണ തൊഴിലാളികൾ. ക്ഷേത്ര പൊങ്കാലയ്ക്ക് മൺപാത്രങ്ങൾ അനിവാര്യമായതിനാൽ അതിന്റെ തയാറെടുപ്പിലാണ് തൊഴിലാളികൾ. അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ക്ഷാമവും നിർമ്മാണ ചെലവിന് ആനുപാതികമായി വിലയില്ലാത്തതും കാരണം മൺപാത്ര നിർമ്മാണമേഖല പ്രതിസന്ധിയിലാണ്. ആയിരത്തിലധികം കുടുംബങ്ങൾ പ്രവർത്തിച്ചിരുന്ന മൺപാത്ര നിർമ്മാണ മേഖലയിൽ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. നിലവിൽ മൺ കലങ്ങൾക്ക് തമിഴ്നാടിനെ ആശ്രയിക്കണം മലയാളികൾക്ക്.
ജില്ലയിൽ,നെയ്യാറ്റിൻകര,ആറ്റിങ്ങൽ,നെടുമങ്ങാട്,കൊടുവഴന്നൂർ എന്നിവിടങ്ങളിലാണ് മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നത്.
ആശ്രയം അയൽ സംസ്ഥാനം
പാടശേഖരങ്ങളിൽ നിന്ന് കളിമണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള അരച്ചെടുത്ത കളിമണ്ണാണ് എത്തുന്നത്. ഇതിന് ലോഡ് കണക്കിന് 15,000 രൂപയാണ് വില. കരകൗശല വസ്തുക്കൾ നിർമ്മിച്ച് പലരും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്. മൺപാത്ര വ്യവസായത്തിന് സർക്കാരിൽ നിന്ന് സഹായമൊന്നും ലഭിക്കുന്നില്ല.
ചെലവിൽ കുടുങ്ങി തൊഴിലാളികൾ
മൺപാത്രം നിർമ്മിക്കുന്ന ചക്രത്തിന് 25,000 രൂപയാണ് വില. കളിമണ്ണ് അരക്കുന്ന മെഷീന് 50,000 രൂപയും, ബേക്കിംഗ് മെഷീന് 4 ലക്ഷം രൂപയുമാണ് ചെലവ്. വാങ്ങാൻ കഴിവില്ലാത്തവർ വിറക് കത്തിച്ച് മൺമാത്രങ്ങൾ ചൂടാക്കിയെടുക്കും. മണ്ണിന്റെ ദൗർലഭ്യവും പാത്രങ്ങൾ ചുട്ടെടുക്കാനുള്ള വിറകിന്റെ വില കൂടിയതും മൺപാത്ര നിർമ്മാണത്തെ നഷ്ടത്തിലാക്കി.
പ്രതിസന്ധികൾ ഏറെ
ജോലിക്കനുസരിച്ച് കൂലിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. പല കുടുംബങ്ങളും തൊഴിൽ ഉപേക്ഷിച്ചു. ഒരു സംസ്‌കാരത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന മൺപാത്ര നിർമ്മാണമാണ് അധികൃതരുടെ അവഗണന മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഓണം ഉത്സവം തുടങ്ങി സീസണുകളിൽ മാത്രമാണ് ഇപ്പോൾ മൺപാത്രങ്ങൾ ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |