
തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ സാം സോളമനെ കേരള സർവകലാശാലാ രജിസ്ട്രാറായി നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിലവിൽ യൂണിവേഴ്സിറ്റി സെനറ്റിലെ അധ്യാപക പ്രതിനിധിയാണ്.സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങളുടെ താൽപ്പര്യപ്രകാരം ഡോക്ടർ മിനി കാപ്പനെ രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് മാറ്റി പകരം നിയമിച്ച ജോയിൻറ് രജിസ്റ്റർ രശ്മിയെ മാറ്റണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം വി.സി അംഗീകരിക്കുകയായിരുന്നു. എന്നാൽ ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നൽകണമെന്നുമുള്ള സി.പി.എം അംഗങ്ങളുടെ ആവശ്യം വി.സി അംഗീകരിച്ചില്ല. വിവിധ കോളേജുകളിൽ നിയമിച്ച മൂന്ന് പ്രിൻസിപ്പൽ മാരുടേതുൾപ്പടെ 144 അധ്യാപകരുടെ പ്രമോഷന് അംഗീകാരം നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനയ്ക്ക് സർവകലാശാല പരീക്ഷാ വിഭാഗത്തിൽ എത്തിയ വിദ്യാർത്ഥി ഉത്തരകടലാസിലെ ചില മാർക്കുകൾ തിരുത്തിയ സംഭവത്തിൽ പരീക്ഷ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റൻറ് രജിസ്ട്രാർ, സെക്ഷൻ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യുവാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം തേടണമെന്ന അഭിപ്രായത്തിൽ വി.സി ഉറച്ചു നിന്നു. വി.സിയുടെ നിർദേശം സിൻഡിക്കേറ്റ് അംഗീകരിച്ചു.
വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സൈക്കോളജി വിഭാഗം അദ്ധ്യാപകൻ ഡോ: ജോൺസനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഹിസ്റ്ററി വകുപ്പിൽ നിയമപ്രകാരം വകുപ്പ് മേധാവിയാകേണ്ട ഡോ:വേണു മോഹനെ നിയമിക്കുവാനുള്ള നിർദ്ദേശം അധ്യാപകനെതിരായുള്ള പരാതികളിൽ അന്വേഷണത്തിന് ശേഷം പരിഗണിക്കും. ആറു മാസമായി സിൻഡിക്കേറ്റ് യോഗങ്ങൾ അലങ്കോലപ്പെട്ടതിനെ തുടർന്ന് തീരുമാനമാകാതിരുന്ന വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 900 അജൻഡകളിൽ തീരുമാനമെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |