രണ്ട് ദിവസത്തെ ഉച്ചകോടി
ന്യൂഡൽഹി:ജമ്മുകാശ്‌മീരിനെ പരാമർശിച്ച് ചൈന കഴിഞ്ഞ ദിവസം പാകിസ്ഥാനുള്ള പിന്തുണ ആവർത്തിക്കുകയും, കാശ്‌മീർ പ്രശ‌്നത്തിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യ കടുപ്പിച്ച് മറുപടി നൽകുകയും ചെയ്‌ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിലുള്ള രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും.
ജമ്മുകാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യൻ നിലപാട് ചൈനയ്‌ക്ക് നന്നായി അറിയാവുന്നതാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ ചൈനയ്‌ക്ക് മറുപടി നൽകിയത്.
കാശ്മീരിലെ സ്ഥിതി തങ്ങൾ നിരീക്ഷിക്കുകയാണെന്നും ചൈന - പാക് സൗഹൃദം പാറപോലെ ഉറച്ചതാണെന്നും അതിൽ വിള്ളലുണ്ടാകില്ലെന്നുമാണ് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ചൈന വ്യക്തമാക്കിയത്.
ഉച്ചകോടിയിൽ ഇന്ത്യ കാശ്‌മീർ വിഷയം ഉന്നയിക്കില്ലെന്നും ചോദ്യങ്ങളുയർന്നാൽ പ്രധാനമന്ത്രി മോദി വിശദീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
ചൈന-യു.എസ് വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതും ഇന്ത്യാ-ചൈന അതിർത്തിയിൽ സമാധാനം പാലിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്യും. നാല് തവണ മോദിയും പിംഗും കൂടിക്കാഴ്ച നടത്തും. അഞ്ചുമണിക്കൂറോളം ഇരുവരും ഒന്നിച്ചുണ്ടാകും.
പ്രതിനിധിതല ചർച്ചകളും ഉണ്ടാകും.
മോദി രാവിലെ എത്തും;
ഷി ജിൻ പിംഗ് ഉച്ചയ്‌ക്കും
പ്രധാനമന്ത്രി മോദി ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തും. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മന്ത്രിമാരും മോദിയെ സ്വീകരിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ഉച്ചയ്‌ക്ക് ഒന്നരയ്ക്ക് എത്തും. വിമാനത്താവളത്തിൽ പാട്ടും നൃത്തവുമായി അദ്ദേഹത്തെ വരവേൽക്കും. തുടർന്ന് ഗ്വിണ്ടിയിലെ ഐ. ടി. സി ഗ്രാൻഡ് ചോള ഹോട്ടലിലേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് നാല് മണിയോടെ മഹാബലിപുരത്തേക്ക് തിരിക്കും. അഞ്ച് മണിക്ക് മോദിക്കൊപ്പം മഹാബലിപുരത്തെ സ്‌മാരകങ്ങൾ സന്ദർശിക്കും. രാത്രി താജ് റിസോർട്ടിൽ മോദി നൽകുന്ന അത്താഴ വിരുന്നിന് ശേഷം ചൈനീസ് പ്രസിഡന്റിനായി കലാക്ഷേത്ര സംസ്കാരിക പരിപാടി അവതരിപ്പിക്കും.നാളെ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ പിംഗ് നേപ്പാളിലേക്കു പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |