
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവച്ച കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ എൻ.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് മൊഴിയെടുത്ത ശേഷം വിട്ടയച്ചു. കലാപത്തിന് ആഹ്വാനം നടത്തി എന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചേവായൂർ പൊലീസാണ് സ്വമേധയാ കേസ് എടുത്തത്.
ഇന്നലെ രാവിലെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത സുബ്രഹ്മണ്യനെ സ്റ്റേഷനിൽ എത്തിച്ചതോടെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസിന്റെ നേതൃത്വത്തിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. നാടകീയ രംഗങ്ങൾക്കൊടുവിൽ ഉച്ചയ്ക്ക് 12 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി സുബ്രഹ്മണ്യനെ സ്റ്റേഷനിലെത്തിയ നേതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.
'പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സുബ്രഹ്മണ്യൻ പങ്കുവച്ചത്.
അറസ്റ്റിന് പിന്നിൽ സി.പി.എം പകപോക്കൽ: എൻ. സുബ്രഹ്മണ്യൻ
കോഴിക്കോട്: തന്റെ അറസ്റ്റിന് പിന്നിൽ സി.പി.എം ഉന്നതരാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ.സുബ്രഹ്മണ്യൻ. കേരളത്തിലെ പൊലീസ് എ.കെ.ജി സെന്ററിന്റെ അജൻഡ നടപ്പിലാക്കുകയാണ്. സോഷ്യൽമീഡിയയിൽ നൽകിയ ചിത്രം നേരത്തെ പങ്കുവച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസില്ല. ചിത്രങ്ങൾ പിൻവലിക്കില്ല. ജയിലിൽ അടച്ചാലും പിണറായി സർക്കാരിനെതിരായ നിലപാടിൽ മുന്നിൽ തന്നെ നിൽക്കുമെന്നും എൻ.സുബ്രഹ്മണ്യൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |