
വിതുര: തിരക്കേറിയ പൊൻമുടി- തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടം പതിവായിട്ടും അത് നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാതെ അധികൃതർ. തൊളിക്കോട് മുതൽ വിതുരവരെയുള്ള ഭഗത്താണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. അപകടങ്ങൾ നടക്കാത്ത ദിവസങ്ങളില്ല. തൊളിക്കോട് പുളിമൂട് ജംഗ്ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചത് ഒരാഴ്ച മുമ്പാണ്. കഴിഞ്ഞ വർഷവും ഇവിടെ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചിരുന്നു. അഞ്ച് വർഷത്തിനിടയിൽ 12 പേരുടെ ജീവനാണ് വിതുര തൊളിക്കോട് റോഡിൽ മാത്രം പൊലിഞ്ഞത്.
വിതുര ചേന്നൻപാറയ്ക്കു സമീപം ഇലക്ട്രിക് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചിരുന്നു. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇതിനുമുമ്പ് ചേന്നൻപാറ കോസലം മംഗളവേദിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മത്സ്യവ്യാപാരിയും മരണമടഞ്ഞിരുന്നു,
ബൈക്ക് റേസിംഗ് സംഘങ്ങളും
പൊൻമുടി പാതയിൽ ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്. ബൈക്കുകളുടെ ഘടന മാറ്റിമറിച്ച് അമിതവേഗതയിൽ ജനത്തിന് ഭീഷണിയായാണ് യുവസംഘങ്ങൾ ചീറിപ്പായുന്നത്. ഒപ്പം കഞ്ചാവ്, എം.ഡി.എം.എ വില്പനസംഘങ്ങളും സജീവമാണ്. വഴിപോക്കരെ ഇടിച്ചിട്ടിട്ട സംഭവവുമുണ്ടായിരുന്നു. പൊൻമുടി-കല്ലാർ റൂട്ടിൽ ഇത്തരം സംഘങ്ങൾ ടൂറിസ്റ്റുകൾക്കും തലവേദനയാണ്. പരിശോധന ശക്തിപ്പെടുത്തുമെന്ന് വിതുര,പെൻമുടി പൊലീസ് അറിയിച്ചു.
5 വർഷം, 12 മരണം
തൊളിക്കോട് വിതുര റോഡിൽ അഞ്ച് വർഷത്തിനിടയിൽ പന്ത്രണ്ട് പേരാണ് അപകടങ്ങളിൽ മരിച്ചത്. തൊളിക്കോട് മുതൽ മന്നൂർക്കോണം വരെയുള്ള ഭാഗത്ത് ഏഴുപേരും, കല്ലാർ വിതുര റൂട്ടിൽ അഞ്ചുപേരും അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ഹൈവേ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി അമിതവേഗക്കാരെ പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപകടമരണങ്ങൾ നടന്ന സ്ഥലങ്ങൾ
ചേന്നൻപാറ-2
വിതുര വേളാങ്കണ്ണി പള്ളിക്ക് സമീപം-2
പുളിമൂട്-2
തൊളിക്കോട്-1
പേരയത്തുപാറ-1
ശിവൻകോവിൽജംഗ്ഷൻ-1
കല്ലാർ-1
ആനപ്പാറ-1
മന്നൂർക്കോണം-1
വിതുര, തൊളിക്കോട് റോഡിൽ വർദ്ധിച്ചുവരുന്ന അപകടമരണങ്ങൾക്ക് തടയിടണം. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണം.
എസ്.എസ്.പ്രേംകുമാർ
സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി.
ഫോട്ടോ
വിതുര തൊളിക്കോട് റോഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |