
കൊച്ചി: 2000 കോടി മുടക്കിൽ 20ലേറെ കിലോമീറ്ററിലായി നിർമ്മിക്കുന്ന നിർദ്ദിഷ്ട കൊടുങ്ങല്ലൂർ- അങ്കമാലി ഹൈവേയിൽ പലയിടത്തും എലവേറ്റഡ് ഹൈവേ വന്നേക്കുമെന്ന് സൂചന. ആറു വരിയായി നിർമ്മിക്കാൻ പദ്ധതിയിട്ട ഹൈവേയുടെ ഡി.പി.ആർ (വിശദ പദ്ധതി രേഖ) തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി.
ഡി.പി.ആർ ആരംഭിച്ച ശേഷം മാത്രമേ ആറുവരിപ്പാത എന്നത് എട്ടുവരിയിലേക്ക് ഉയർത്തണമോ എന്ന് തീരുമാനിക്കുകയുള്ളു. ഈ വർഷം ആഗസ്റ്റിലാണ് ബെന്നി- ബെഹനാൻ ഹൈവേ സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയത്. ഈ ഹൈവേ പിന്നീട് അങ്കമാലി- കുണ്ടന്നൂർ ഹൈവേയുമായി ബന്ധിപ്പിക്കാനാകുമെന്നും പ്രാഥമിക ചർച്ചകളിൽ അഭിപ്രായമുയർന്നിരുന്നു.
ഈ പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി നഗരത്തിലെയും അതിനൊപ്പം പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സാധിക്കും.
സംസ്ഥാനത്തിന്റെ വടക്കു നിന്ന് കൊച്ചി അന്തർദേശീയ വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർക്കും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾക്കും തടസം കൂടാതെ നിശ്ചിത സ്ഥാനങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ കഴിയും.
ഭാരതമാല പദ്ധതിയിലോ ദേശീയപാത വികസന പദ്ധതിയിലോ ഉൾപ്പെടുത്തി നിർമിക്കുന്നതിനാണ് കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുള്ളത്.
വെസ്‌റ്റേൺ എറണാകുളം ഹൈവേ എന്നു പേരുള്ള ഈ പാത ആദ്യം നാലുവരിയാക്കി നിർമ്മിക്കാനായിരുന്നു പദ്ധതി. പിന്നീടത് ആറുവരിയാക്കുകയായിരുന്നു. ഈയടുത്താണ് എട്ടുവരിയാക്കുന്നതിലേക്ക് ആലോചനയെത്തിയത്.
എത്രയും വേഗം ഡി.പി.ആർ നടപടികൾ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിലയിരുത്തലുകളും പഠനങ്ങളും സമാന്തരമായി നടക്കുന്നുമുണ്ട്.
ബെന്നി ബെഹനാൻ എം.പി
പ്രതീക്ഷിക്കുന്ന തുക---- 2,000- 2,500 കോടി
ഉപകാരമാകുന്ന ജില്ലകൾ----എറണാകുളം, തൃശൂർ
ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം---- 100 ഹെക്ടർ
ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പദ്ധതികൾ----ഭാരത് മാല, ദേശീയപാത വികസന പദ്ധതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |