കോട്ടയം: കാറ്റുവീശുന്ന വേഗത്തിലാണ് ഒരു കൊല്ലം കടന്നുപോയത്. 2025ന്റെ അവസാനവാതിലും അടയുമ്പോൾ പിന്നിട്ട വഴികൾ സുഖ:ദുഖ സമ്മിശ്രമാണ്. പലദിനങ്ങളിലും കോട്ടയം വാർത്താകേന്ദ്രമായി. അപകടങ്ങളും ലഹരിക്കേസുകളും അക്രമങ്ങളും വർദ്ധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലൂടെ തട്ടകങ്ങൾ തിരികെപിടിച്ചു. സ്ഥലമേറ്റെടുപ്പിന്റെ വക്കിലെത്തിയ ശബരിമല വിമാനത്താവളം പദ്ധതി ഹൈക്കോടതി വിധിയിലൂടെ ആശങ്കയിലായി.
കേസുകൾ, ആത്മഹത്യകൾ
തെള്ളകത്ത് ലഹരി കേസ് പ്രതി വെസ്റ്റ് പൊലീസ് ഡ്രൈവർ ശ്യാമിനെ ചവിട്ടിക്കൊന്നത് വർഷാരംഭത്തിലാണ്. പിടികൂടാനുള്ള ശ്രമത്തിനിടെ ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ മോഷണക്കേസ് പ്രതി കുത്തിയതും ഇതിന് പിന്നാലെ. കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ റാഗിംഗ് കേസ് വലിയ നാണക്കേടായി. ഏറ്റുമാനൂരിൽ രണ്ടിടങ്ങളിലായി രണ്ടു വീട്ടമ്മമ്മാർ മക്കൾക്കൊപ്പം ജീവനൊടുക്കിയത് ഉണങ്ങാത്ത മുറിവായി. മനയ്പ്പാടത്ത് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിനിന് മുന്നിൽ ചാടിയും നീറിക്കാട് സ്വദേശിയായ അഭിഭാഷക ജിസ്‌മോളും മക്കളായ നോഹയും നോറയും മീനച്ചിലാറ്റിൽ ചാടിയും ജീവനൊടുക്കിയതും രാമപുരത്തുള്ള യുവദമ്പതികൾ സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യയും ചെയ്തതും നൊമ്പരമായി. തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനേയും ഭാര്യ മീരയേയും അന്യസംസ്ഥാന തൊഴിലാളി ക്രൂരമായി കൊന്നതും ഞെട്ടലുണ്ടാക്കി. അയർക്കുന്നത്ത് ഭാര്യയെ അന്യസംസ്ഥാന തൊഴിലാളി പുതിയ വീടിന് സമീപം കൊന്ന് കുഴിച്ചുമൂടിയത് ദൃശ്യം മോഡലിന്റെ ആവർത്തനമായി. ക്രിസ്മസ് പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം വേട്ടയും അന്തർസംസ്ഥാന ബസിൽ നിന്ന് കള്ളപ്പണവും പിടികൂടി. കോട്ടയം നഗരസഭയിൽ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പെൻഷൻ ഫണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന വാർത്ത വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. കോടതിയിൽ എത്തിച്ച അസം സ്വദേശിയായ പ്രതി, പോലീസിന്റെ കൈയിൽ നിന്നു രക്ഷപ്പെട്ടതും മൊബൈൽ ഫോൺ മോഷണക്കേസിൽ പ്രതി ജയിൽ ചാടി രക്ഷപ്പെട്ടതും പോയ വർഷം പൊലീസിന് നാണക്കേടായി.നാട്ടകത്ത് വിവാഹസദ്യയിൽ രണ്ടാമത് പപ്പടം വിളമ്പാതിരുന്നതിന്റെ പേരിൽ അടിയുംപൊട്ടി. പകുതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പുകേസിൽ ജില്ലയിൽ നിന്ന് നൂറോളം പരാതികളുണ്ടായി.
കർഷകർ നേട്ടവും കോട്ടവും
നെല്ല്, റബർ കർഷകർ പതിവ് പോലെ ദുരതിത്തിലായി. സംഭരണ വില ലഭിക്കാതെ നെൽകർഷകർ പാടുപെട്ടു. തീവ്രമഴകൾ പെയ്തിറങ്ങി. ചൂട് പല മാസങ്ങളിലും നാല്പതിനടുത്തെത്തി. യുവി ഇൻഡക്സിൽ ചങ്ങനാശേരി അപകടനിരക്കിലെത്തി. കാപ്പിക്കുരു വില റെക്കോർഡിലെത്തിയതും കുരുമുളക് വില താഴാതെ നിന്നതും കർഷകർക്ക് നേട്ടമായി.
ആരോഗ്യം
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം വീണ് കൂട്ടിരിപ്പുകാരി മരിച്ചത് വലിയ വിമർശനത്തിന് കാരണായി. രാജ്യത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവച്ചതിലൂടെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ചരിത്രമെഴുതി.
വിടപറഞ്ഞവർ
സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എ.വി.റസൽ, കേരളാ കോൺഗ്രസ് നേതാക്കളായ പ്രിൻസ് ലൂക്കോസ്, പി.എം.മാത്യു, വ്യവസായി പനംപുന്നയ്ക്കൽ ജോർജ് വർഗീസ്, ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. മാത്യൂ സാമുവൽ കളരിക്കൽ, ദലിത് ചിന്തകൻ കെ.കെ.കൊച്ച്, ചിത്രകാരൻ മോപ്പസാങ് വാലത്ത്, തിരുവോണത്തോണിയുടെ അകമ്പടത്തോണിയുമായി പോയിരുന്ന രവീന്ദ്രബാബു ഭട്ടതിരി എന്നിവരുടെ വിയോഗവും പോയ വർഷത്തെ നൊമ്പരമായി.
തിരിച്ചുവന്ന് യു.ഡി.എഫ്
ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തിയാണ് 2025 അവസാനിക്കുന്നത്. യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ച തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അദ്ധ്യക്ഷയായി ദിയ ബിനു പാലായിൽ സ്ഥാനമേൽക്കുകയും ചെയ്തു. ബി.ജെ.പി കൂടുതൽ പഞ്ചായത്തുകളിൽ അധികാരത്തിലെത്തി.
വികസനം
രാഷ്ട്രപതിയുടെ സന്ദർശനവും കോണത്താറ്റു പാലം തുറന്നുനൽകിയതും കുമരകത്തിന്റെ ടൂറിസം വികസനത്തിന് ഗുണകരമായി. എന്നാൽ ചെറുവള്ളി വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദുചെയ്തത് തിരിച്ചടിയായി. ശബരി റെയിലുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കും 2025 സാക്ഷിയായി.
രാഷ്ട്രീയം
സുരേഷ് കുറുപ്പ് സി.പി.എം ജില്ലാ കമ്മിറ്റിയിൽ നിന്ന് സ്വയംഒഴിഞ്ഞു. കെ.പി.സി.സി പുനസംഘടനയിൽ ജില്ലയിൽ നിന്ന് അഞ്ച് പേരുണ്ടായി. സംസ്ഥാന ബി.ജെ.പിയുടെ മുഖങ്ങളിലൊന്നായി അഡ്വ.ഷോൺ ജോർജ് മാറിയതും 2025ലാണ്. കേരളാ കോൺഗ്രസുകൾ ചർച്ചകളിൽ നിറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |