
കൊച്ചി: ഓടയിലെ മേൽമൂടിയുടെ വിടവിൽ കാൽ കുടുങ്ങിയ പത്ത് വയസുകാരനെ രക്ഷിക്കുന്നതിനിടെ ബന്ധുവായ പ്രതിശ്രുതവരന്റെ ഒന്നര ലക്ഷം രൂപ വിലയുള്ള ഐ ഫോൺ ഓടയിൽ വീണു. കുട്ടിയെ ബന്ധു രക്ഷിച്ചെങ്കിലും ഫോൺ വീണ്ടെടുക്കാൻ ഫയർഫോഴ്സിന് എത്തേണ്ടിവന്നു.
കൊച്ചി നഗരത്തിൽ എം.ജി റോഡിൽ വുഡ്ലാൻഡ് ജംഗ്ഷന് സമീപത്തെ ജുവലറിക്ക് മുന്നിൽ ഇന്നലെ വൈകിട്ട് 3നായിരുന്നു സംഭവം. സ്വദേശമായ കാലടിയിൽ നിന്ന് വിവാഹമോതിരം വാങ്ങാൻ വധൂവരൻമാർക്കൊപ്പം എത്തിയ കുടുംബത്തിലെ കുട്ടിയുടെ കാലാണ് ഓടയിൽ കുടുങ്ങിയത്. കടയിലേക്ക് നടക്കുന്നതിനിടെ കുട്ടിയുടെ വലതു കാൽ ഓടയുടെ മേൽമൂടിയിലെ വിടവിൽ കുടുങ്ങുകയായിരുന്നു. വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടതുകാലും കുടുങ്ങി.
ഇതോടെ ഒപ്പമുണ്ടായിരുന്ന പ്രതിശ്രുതവരൻ രക്ഷാപ്രവർത്തനം തുടങ്ങി. വളരെ പ്രയാസപ്പെട്ടാണ് കാൽ പുറത്തെടുത്തത്. ഇതിനിടെ വരന്റെ പോക്കറ്റിൽ കിടന്ന ഐ ഫോൺ ഓടയിൽ വീണു. ജുവലറിക്കാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി മേൽമൂടി നീക്കിയപ്പോൾ ഓടയ്ക്കകത്ത് ചെളിയിൽ പൂണ്ട നിലയിലായിരുന്നു ഫോൺ. ഈ സമയം ഇതുവഴിയെത്തിയ തൊഴിലാളി ഓടയിലിറങ്ങി ഫോൺ പുറത്തെടുത്തു. കുട്ടിയുടെ കാലിന് നിസാര പരിക്കേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |