കൽപ്പറ്റ: ലഹരി വിൽപ്പനക്കാരെയും സൈബർ കുറ്റവാളികളെയും പിടിച്ചു കെട്ടിയ വർഷമാണ് കടന്നുപോയത്.
1942 ലഹരി കേസുകളാണ് 2025 മാത്രം രജിസ്റ്റർ ചെയ്തത്. മാർച്ച് മാസത്തിലാണ് കൂടുതൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ലഹരിയുമായി 2066 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 1,284 ഗ്രാം എം.ഡി.എം.എ, 36,411 ഗ്രാം കഞ്ചാവ്, 15.67 ഗ്രാം ഹാഷിഷ് ഓയിൽ, 0.45 ഗ്രാം കൊക്കൈൻ, 22.6 ഗ്രാം ചരസ്, 14.04 ഗ്രാം മെത്തഫിറ്റമിൻ, 0.1 ഗ്രാം ബ്രൗൺ ഷുഗർ, 12 കഞ്ചാവ് ചെടി, 79.13 ഗ്രാം കഞ്ചാവ് മിഠായി, 19.32 ഗ്രാം മയക്കുമരുന്ന് ഗുളികകൾ എന്നിങ്ങനെ പിടിച്ചെടുത്തു. ഡിസംബർ മാസത്തിൽ മാത്രം 86 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തു. 95 ലഹരി കടത്തുകാരെ പിടികൂടുകയും ചെയ്തു. കൃത്യമായ നിരീക്ഷണവും പരിശോധനയുമാണ് ജില്ലയിലും ജില്ലാ അതിർത്തികളിലും നടത്തിവരുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസിന്റെ വിദഗ്ധമായ നീക്കത്തിലൂടെ പിടികൂടിയത്. ലഹരിമരുന്ന് കടത്തുകാരെ മാത്രമല്ല ശൃംഖലയിലെ പ്രധാന കണ്ണികൾ അവരെ പൊലീസ് പിടികൂടി. ലഹരിക്കടത്തിലെ മുഖ്യകണ്ണിയായ ഡ്രോപ്പെഷ്, ഒറ്റൻ എന്നീ പെരുകളിൽ അറിയപ്പെടുന്ന ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാറിനെ ഡൽഹിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് മുൻ എൻജിനീറായ ഇയാൾ. രണ്ട് രാജ്യാന്തര കുറ്റവാളികളെയും അറസ്റ്റ് ചെയ്തു. നിരന്തര കുറ്റവാളികളായ 28 പേർക്കെതിരെ ഈ വർഷം കാപ്പ ചുമത്തി. അതിൽ മൂന്ന് പേരെ കരുതൽ തടങ്കലിലടക്കുകയും 25 പേരെ നാടുകടത്തുകയും ചെയ്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മദ്യലഹരിയിൽ വാഹനമോടിച്ച 3113 പേർക്കെതിരെ നടപടിയെടുത്തു. 5761 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃതമായി ആയുധം കൈയിൽ വെച്ചതിന് ആയുധ നിയമം പ്രകാരം എട്ട് കേസുകളെടുത്തു. ഈ വർഷം മാത്രം 446 പേരെ വിവിധ സമയങ്ങളിലായി മുൻകരുതൽ അറസ്റ്റ് ചെയ്തു. ഐ.ടി. ആക്ട് പ്രകാരം 60 കേസുകളെടുത്തു. 2025 വർഷം ജില്ലയിൽ ആകെ18100 കേസുകൾ രെജിസ്റ്റർ ചെയ്യുകയും കോടതിയിൽ 18821 ഓളം കുറ്റപത്രങ്ങൾ (അന്തിമ റിപ്പോർട്ടുകൾ)സമർപ്പിക്കുകയും ചെയ്തു. കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സൈബർ പൊലീസ് പിടികൂടിയ നൈജീരിയൻ പൗരന് ഉചിതമായ ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞതും ജില്ലാ പൊലീസിന്റെ നേട്ടമായി. സംസ്ഥാനത്ത് വിദേശ പൗരൻ സൈബർ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്. 12 വർഷം തടവിനും 17 ലക്ഷം രൂപ പിഴയടക്കാനുമാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ജില്ലയിൽ സോഷ്യൽ പൊലീസിംഗ് ജനമൈത്രി പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനും പൊലീസിനായി. ഗോത്ര വിഭാഗത്തിൽപ്പെട്ട നൂറിലധികം യുവതീയുവാക്കൾക്കായി ഡ്രൈവിംഗ് പരിശീലന പരിപാടി നടത്തിയതും, പൊഴുതനയിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചതും, കണിയാമ്പറ്റ വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉല്ലാസ യാത്ര നടത്തിയതും, അതിക്രമങ്ങൾക്കെതിരെ വനിതകൾക്കും കുട്ടികൾക്കുമായി ജില്ലയിലുടനീളം സ്വയം പരിശീലന പരിപാടി നടത്തിയതും ശ്രദ്ധേയമായിരുന്നു. കിടപ്പുരോഗികൾക്കും വയോജനങ്ങൾക്കും വീൽ ചെയറുകളടക്കം വിതരണം ചെയ്തു. ലഹരിക്കെതിരെ 'ഡാർക്ക് ഡേയ്സ്', സൈബർ ബോധവൽക്കരണത്തിനായി 'എട്ടിന്റെ പണി' ഹ്രസ്വചിത്രങ്ങളും വയനാട് പോലീസ് പുറത്തിറക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |