കൊല്ലം: ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ട മീനാട് പദ്ധതിയിൽ പമ്പിന്റെ കേടുമൂലം ജലവിതരണം തടസപ്പെടുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ജലവിഭവ വകുപ്പ് മന്ത്രിയോടും വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടറോടും ആവശ്യപ്പെട്ടു.
ജില്ലയിലെ മീനാടും സമീപ പ്രദേശങ്ങളിലും ജലവിതരണത്തിനായി വിഭാവനം ചെയ്ത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തുകളിൽ ശുദ്ധജലം വിതരണം നടത്തുന്നത്. പമ്പിംഗിനായി സ്ഥാപിച്ച പ്രധാനപ്പെട്ട 4 പമ്പുകളിൽ രണ്ടെണ്ണം കേടായിട്ട് കാലങ്ങളായി. പമ്പുകൾ കേടുപാട് തീർത്ത് പ്രവർത്തന ക്ഷമമാക്കുന്നതിൽ ഗൗരവ വീഴ്ചയുണ്ട്. നാലു പമ്പുകൾ പദ്ധതിപ്രകാരം സ്ഥാപിച്ചെങ്കിലും പ്രവർത്തനക്ഷമമാക്കി നിലനിറുത്തുന്നതിൽ ജാഗ്രതാപൂർവ്വമായ നടപടി സ്വീകരിച്ചില്ല.
നിലവിൽ പ്രവർത്തിക്കുന്ന പമ്പുകളിൽ ഒരെണ്ണം കേടായാൽ ജലവിതരണത്തെ പ്രതികൂലമായി ബാധിക്കും. പമ്പ് കേടാകുന്നതോടെ നിരന്തരമായി കുടിവെളള വിതരണം തടസപ്പെടുന്നു. പകരം പ്രവർത്തിപ്പിക്കുവാനുളള പമ്പുകൾ പ്രവർത്തന രഹിതമായതാണ് കൂടിവെളളം തടസപ്പെടുന്നത്. ഇളമാട് പഞ്ചായത്ത് ഉൾപ്പെടെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമമുണ്ട്.
വേനൽക്കാലമാകുന്നതോടെ പ്രശ്‌നം കൂടുതൽ രൂക്ഷമാകും. ശുദ്ധജല വിതരണം സുഗമമാക്കാനും വേനൽക്കാലത്ത് ആവശ്യമായി വരുന്ന കൂടുതൽ ജലം പമ്പ് ചെയ്യാനും പര്യാപ്തമായ തരത്തിൽ പമ്പുകൾ കേടുപാടു തീർത്ത് പ്രവർത്തന ക്ഷമമാക്കുന്നതിനോ പുതിയ പമ്പുകൾ സ്ഥാപിക്കാനോ നടപടി സ്വീകരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |