
കോട്ടയം : പുഞ്ചക്കൃഷിയ്ക്കുള്ള വളപ്രയോഗ സമയമെത്തിയിട്ടും യൂറിയയും, പൊട്ടാഷും, ഫോസ് ഫേറ്റും കിട്ടാനില്ലാതെ വന്നതോടെ ഗുണനിലവാരം കുറഞ്ഞ കൂട്ടുവളങ്ങൾ വിപണി കീഴടക്കി. കരിഞ്ചന്തയിൽ ഇവ ഇരട്ടി വിലയ്ക്ക് ലഭിക്കുന്നതിനാൽ കൃത്രിമക്ഷാമമുണ്ടാക്കി കമ്പനികൾ കൂട്ടുവളം പ്രോത്സാഹിപ്പിക്കുകയാണ്. സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന യൂറിയയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് ക്ഷാമത്തിന് കാരണം. അമിത വില ഈടാക്കി മറ്റു വളങ്ങൾ എടുക്കണമെന്ന് സംഘങ്ങളുടെ നിർബന്ധം മൂലം യൂറിയ വാങ്ങാൻ വളം ഡിപ്പോകൾക്കും താത്പര്യക്കുറവാണ്. ഇതിന് പിന്നിൽ കമ്മീഷൻ ഏർപ്പാടാണെന്നാണ് പരാതി. നെൽക്കൃഷിയ്‌ക്ക് ആവശ്യമായ സബ്സിഡി വളങ്ങൾ കൃത്യമായ ശേഖരിച്ച് വയ്ക്കാൻ കൃഷിവകുപ്പ് വിമുഖത കാട്ടുകയാണ്. വാഗണുകളിൽ എത്തുന്ന വളങ്ങൾ സംഭണകേന്ദ്രങ്ങളിൽ സൂക്ഷിക്കാതെ കൂട്ടുവള കമ്പനികൾക്കും കച്ചവടക്കാർക്കും മറിച്ച് നൽകുന്നതാണ് ക്ഷാമം രൂക്ഷമാകാനിടയാക്കിയത്.
നെൽച്ചെടികളുടെ വളർച്ച മുരടിക്കും
കൂട്ടുവള കമ്പനികളിലെ ഗുണനിലവാര പരിശോധന കൃഷി വകുപ്പ് നിറുത്തിവച്ചതോടെ വ്യാജൻ കളംപിടിച്ചു. കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തേണ്ടതിനാൽ കർഷകർ വ്യാജ കൂട്ടുവളം വാങ്ങാൻ നിർബന്ധിതരാവുകയാണ്. ഇത് നെൽച്ചെടികളുടെ വളർച്ചയെയും ബാധിച്ചു. ഇലകളിൽ മഞ്ഞളിപ്പ് കണ്ടുതുടങ്ങിയത് കുമിൾ രോഗമാണെന്ന് വരുത്തി തീർക്കാനാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. വിള നാശത്തിൽ നിന്ന് പരിരക്ഷ നൽകുന്ന ഫസൽ ബീമാ യോജന ഇൻഷ്വറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും തുറക്കാനാകുന്നില്ല. രജിസ്റ്റർ ചെയ്യാനുള്ള സമയവും അവസാനിക്കാറായി. സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കർഷകസംഘടനകളുടെ ആലോചന.
നെല്ലിന്റെ വളപ്രയോഗം
ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും വളപ്രയോഗം നടത്തണം
ഒന്നാം വളപ്രയോഗത്തിൽ സമ്മിശ്രമായാണ് വളം ചേർക്കുക
രണ്ടാം വളപ്രയോഗത്തിൽ ഫാക്ടംഫോസിനൊപ്പം യൂറിയ ചേർക്കും
മൂന്നാം പ്രയോഗത്തിൽ ഫാക്ടംഫോസിനൊപ്പം പൊട്ടാഷ് ചേർക്കും
ഒരേക്കറിന് 6000 - 7000 രൂപ വരെ ചെലവ്
''കൃഷിവകുപ്പ് വള കമ്പനികളുമായി ഒത്തുകളിച്ച് കർഷകരെ ദ്രോഹിക്കുകയാണ്. സംസ്ഥാന വ്യാപകമായി കൂട്ടുവളങ്ങളുടെ ഗുണനിലവാര പരിശോധന ആരംഭിക്കണം.
എബി ഐപ്പ് (കർഷകകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |