
തുറവൂർ : റോഡിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകൾ കൈകേറി കച്ചവടവും വാഹന പാർക്കിങ്ങും വ്യാപകമായതോടെ തുറവൂർ–തൈക്കാട്ടുശ്ശേരി റോഡിൽ വാഹനഗതാഗതവും കാൽനടയാത്രയും ദുഷ്കരമായി. തുറവൂർ –പമ്പ പാതയിലെ പ്രധാന റോഡായ ഇതുവഴി ഇടവേളയില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്നില്ല.
തുറവൂർ – അരൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയിലെ വാഹനങ്ങൾ സമാന്തര പാതയായ തൈക്കാട്ടുശ്ശേരി റോഡിലൂടെയും കുമ്പളങ്ങി റോഡിലൂടെയും തിരിച്ചുവിട്ടതോടെ ഗതാഗതക്കുരുക്കും വർദ്ധിച്ചിട്ടുണ്ട്. തുറവൂർ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് പോകുന്ന ഭാഗങ്ങളിൽ പല ഇടങ്ങളിലും റോഡിന്റെ വീതി കുറവാണ്. കച്ചവടസ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ റോഡിലേക്ക് വാഹനങ്ങൾ കയറ്റിനിർത്തുന്നത് പതിവായതോടെ രാവിലെ മുതൽ വൈകുന്നേരം വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
തുറവൂർ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് റോഡിന്റെ പരിധിയിൽ നിയമപ്രകാരമുള്ള അകലംപാലിക്കാതെ 20 വൈദ്യുതി തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. റോഡിൽ നിന്ന് കുറഞ്ഞത് ഒന്നര മീറ്റർ അകലെ മാത്രമേ തൂണുകൾ സ്ഥാപിക്കാവൂ എന്ന നിബന്ധന നിലനിൽക്കുമ്പോഴാണ് ഇത് ലംഘിച്ച് വൈദ്യുതി തൂണുകൾ സ്ഥാപിച്ചിട്ടുളളത്. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ രണ്ട് വാൽവ് ചേമ്പറുകളും റോഡരികിലുണ്ട്.
ഒഴിപ്പിച്ചാലും മടങ്ങിയെത്തും
റോഡിന്റെ ഇരുവശങ്ങളിലും കാന നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രവൃത്തി പൂർണ്ണമായിട്ടില്ല
ഇതിനുമുകളിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് പാളികളിലൂടെയാണ് കാൽനടയാത്രക്കാർ സഞ്ചരിച്ചിരുന്നത്
എന്നാൽ ഈ ഭാഗങ്ങൾ വഴിയോരക്കച്ചവടക്കാർ കൈയേറിയതോടെ കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ടിവരുന്നു
വഴിയോര കച്ചവടക്കാരെ പൊതുമരാമത്ത് വകുപ്പ് പലതവണ ഒഴിപ്പിച്ചെങ്കിലും ദിവസങ്ങൾക്കകം ഇവർ തിരികെയെത്തും
വൈദ്യുതിത്തൂണുകളും വാൽവ് ചേമ്പറുകളും ഗതാഗതക്കുരുക്കും ചേർന്ന് തുറവൂർ–തൈക്കാട്ടുശ്ശേരി റോഡിനെ അപകടമേഖലയാക്കി മാറ്റി. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ജനങ്ങളുടെ അവശ്യം
- പ്രദേശവാസികൾ
-
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |