ആലപ്പുഴ : രണ്ടാംകൃഷിയുടെ നെല്ല് സംഭരണം അവസാന ഘട്ടത്തിലെത്തിയതിന് പിന്നാലെ സപ്ലൈകോ പുഞ്ചകൃഷി വിളവെടുപ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാത്തതിനാൽ രണ്ടാംകൃഷിയുടെ അതേ നിബന്ധനകൾ പ്രകാരമാകും പുഞ്ചകൃഷിയിലും സംഭരണം. ജനുവരി ആദ്യം നെല്ല് സംഭരണം ആരംഭിച്ച് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പൂത്തിയാക്കണമെന്നാണ് നിർദ്ദേഹം. എന്നാൽ, കുട്ടനാട്ടിൽ പ്രതികൂല സാഹചര്യങ്ങൾ കാരണം രണ്ടാം കൃഷിയുടെ വിളവെടുപ്പ് താമസിച്ചതിനാൽ പുഞ്ചയുടെ നെല്ല് സംഭരണം പതിവിലും വൈകാനാണ് സാദ്ധ്യത.
പുഞ്ചകൃഷി രജിസ്ട്രേഷൻ ആരംഭിച്ച ഇന്നലെ അമ്പതിൽ താഴെ കർഷകരാണ് രജിസ്റ്റർ ചെയ്തത്. കുട്ടനാട്ടിലെ കൊയ്ത്തും വിതയും കണക്കിലെടുത്ത് വേലിയേറ്റത്തിൽ കടലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നതൊഴിവാക്കാൻ തണ്ണീർമുക്കം, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ സ്പിൽവേകൾ അടച്ചെങ്കിലും തോട്ടപ്പള്ളിയിൽ ഷട്ടറുകൾക്കിടയിലൂടെ കവിഞ്ഞുകയറുന്ന വെള്ളം രണ്ടാംകൃഷിയുടെ വിളവെടുപ്പിനും പുഞ്ചയുടെ വിതയ്ക്കും ഭീഷണിയാണ്. വെള്ളം കവിഞ്ഞു കയറുന്നത് തടയാൻ മണൽച്ചാക്ക് അടുക്കാൻ കളക്ടർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിരുന്നെങ്കിലും നടപ്പായിട്ടില്ല . ഇതിനെതിരെ കർഷകർ ഇന്ന് കളക്ടറെ നേരിൽകാണും.
ജൂണിൽ കൊയ്ത്ത് അവസാനിക്കും
1. ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ അവസാനവാരത്തോടെയേ കൊയ്ത്ത് പൂർത്തിയാക്കാനാകുകയുള്ളൂ
2. കടുത്ത വേനലും കാലവർഷം നേരത്തേ എത്തുന്നതുമൊക്കെ സംഭരണത്തെ ബാധിക്കും
3. രണ്ടാം കൃഷിയും വിളവെടുപ്പും വൈകിയ സാഹചര്യത്തിൽ പലരും പുഞ്ചകൃഷി വേണ്ടെന്ന നിലപാടിലാണ്
4. കൃഷി വേണ്ടെന്നുവച്ചാൽ ബണ്ടൊരുക്കലുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിലയ്ക്കുന്നത് കാലവർഷത്തിൽ ദുരിതം വിതയ്ക്കും
കിട്ടാനുള്ളത് 106 കോടി
രണ്ടാം കൃഷിയുടെ നെല്ല് സംഭരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് നെല്ലിന്റെ സംഭരണവിലയായി കർഷകർക്ക് ഇനിയും കിട്ടാനുള്ളത് 106 കോടി രൂപ. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി സംഭരിച്ച നെല്ലിന്റെ പണം രണ്ടാഴ്ചയ്ക്കകം കർഷകരുടെ അക്കൗണ്ടുകളിലെത്തിയെങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വില വിതരണം മന്ദഗതിയിലായി.
രണ്ടാം കൃഷി
കർഷകർ......................35,547
സംഭരിച്ച നെല്ല്............8.44 കോടി ക്വിന്റൽ
വിലവിതരണം ചെയ്തത്........148 കോടി
കൊടുക്കാനുള്ളത്.......................106 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |