
ന്യൂഡൽഹി: കഫ് സിറപ്പ് മാഫിയയെ തളയ്‌ക്കാൻ നിയമഭേദഗതി. വ്യാജ സിറപ്പ് നിർമ്മാണം വ്യാപകമായി, കൂട്ടമരണം സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി. കരട് വിജ്ഞാപനമായി. ഡോക്ടറുടെ കുറിപ്പടിയുമായി വരുന്നവർക്കേ മെഡിക്കൽ സ്റ്റോറുകളിലും ഫാർമസികളിലും നിന്ന് കഫ് സിറപ്പ് നൽകാൻ പാടുള്ളൂ.
1,000ൽ താഴെ ജനസംഖ്യയുള്ളിടത്തും ലൈസൻസില്ലാതെ ചുമ സിറപ്പ് വിൽക്കാൻ നിലവിൽ നിയമം അനുവദിക്കുന്നുണ്ട്. ഇതു മുതലെടുത്താണ് വ്യാജന്റെ വില്പന. ഉത്തരേന്ത്യൻ കുഗ്രാമങ്ങളിലെ ചെറിയ കടകളിൽപോലും വ്യാജ സിറപ്പുകൾ ലഭ്യമാണ്. ഇനി അത് അനുവദിക്കില്ല.
ചുമയുമായി ബന്ധപ്പെട്ട ലോസേൻജ് (സ്ട്രെപ്പ്സിൽസ് പോലുള്ളവ), പിൽസ്, ടാബ്‌ലെറ്റ്സ് എന്നിവയ്‌ക്ക് കുറിപ്പടി ആവശ്യമില്ല.
1940ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലാണ് ഭേദഗതി. ചുമ സിറപ്പിനെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ നൽകുന്ന മരുന്നുകളുടെ കൂട്ടത്തിൽ നിന്ന് മാറ്റും. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കരടിൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അടക്കം അഭിപ്രായം അറിയിക്കാം. തുടർന്ന് അന്തിമ വിജ്ഞാപനമിറക്കും.
മദ്ധ്യപ്രദേശിൽ മരിച്ചത്
20ലേറെ കുട്ടികൾ
1. കഴിഞ്ഞ ഒക്ടോബറിൽ മദ്ധ്യപ്രദേശ് ഛിന്ദ്‌വാരയിൽ സ്വകാര്യ ക്ളിനിക്കിൽ നിന്ന് ചുമ മരുന്ന് കഴിച്ച 20ൽപ്പരം കുട്ടികളാണ് വൃക്ക തകരാറിലായി മരിച്ചത്. തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് കഫ് സിറപ്പാണ് വില്ലനായത്. ഡൈ എത്തിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിലും 500 മടങ്ങ് അധികമായിരുന്നു. തുടർന്ന് നിരോധിച്ചു. രാജസ്ഥാനിൽ രണ്ടു കുട്ടികൾ മരിച്ചിരുന്നു
2. കഴിഞ്ഞയാഴ്ചയാണ് വാരണാസിയിൽ അഞ്ചു വ്യാജ സിറപ്പ് നിർമ്മാണ കമ്പനികൾക്ക് പിടിവീണത്. രേഖകളിൽ മാത്രമുള്ള കമ്പനിയുടെ മറവിൽ പ്രവർത്തിച്ചുവരികയായിരുന്നു. അഞ്ചുപേർ അറസ്റ്റിലായി. 23 കോടിയുടെ ഇടപാടുകൾ നടത്തിയതായും തുക ഹവാലവഴി കടത്തിയതായും കണ്ടെത്തി
21.800 കോടി രൂപ
2024ൽ രാജ്യത്തെ
സിറപ്പ് വില്പന
(അനൗദ്യോഗിക വിവരം)
ഹൈഡോസ് മരുന്ന്
നിരോധിച്ചു
വേദനസംഹാരി നിമെസുലൈഡിന്റെ 100 മില്ലിഗ്രാമിന് മുകളിലുള്ള ഗുളിക, വായിൽ അലിയിച്ചു കഴിക്കുന്ന ടാബ്‌ലെറ്റ്, ഗ്രാന്യൂൾസ്- പൗഡർ രൂപത്തിലുള്ളവ തുടങ്ങിയവ നിരോധിച്ചു. കരളിന് ദോഷകരമാണ്. പല രാജ്യങ്ങളിലും നിരോധനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |