
തിരുവനന്തപുരം: ചാക്ക ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള മൂടിയില്ലാത്ത ഓടയിൽ നിറഞ്ഞ് മാലിന്യം. പ്ലാസ്റ്റിക് കുപ്പികൾ,തുണികൾ,അറവുമാലിന്യം എന്നിവ കുന്നുകൂടി കിടക്കുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
വേളി,വെട്ടുകാട്,ശംഖുംമുഖം,എയർപോർട്ട് ഭാഗങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാരാണ് ദുർഗന്ധം കാരണം ദുരിതത്തിലായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മതിയായ സൗകര്യമില്ലാത്തതിനാൽ കണ്ണൊന്ന് തെറ്റിയാൽ യാത്രക്കാർ ഓടയിൽ വീഴാനുള്ള സാദ്ധ്യതയുണ്ട്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ ഓടയിൽ കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമാകുന്നു.
രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ഓടയിലേക്ക് മാലിന്യം തള്ളുന്നതും പതിവാണെന്നാണ് പരാതി. വൈകിട്ട് ബസ് കാത്തുനിൽക്കാൻ പോലും കഴിയാത്ത രീതിയിൽ കൊതുകുശല്യമുണ്ടെന്നും നാട്ടുകാർ പറയുന്നു.
അപകടക്കെണിയായി ഓട
ഓടയ്‌ക്ക് മുകളിൽ സ്ലാബുകൾ ഇല്ലാത്തത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും വലിയ ഭീഷണിയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും അപകടഭീതിയിലാണ്. മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
പ്രധാന ആവശ്യങ്ങൾ
ഓടയ്‌ക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കുക
മാലിന്യം നീക്കം ചെയ്യാൻ ശുചീകരണ സംവിധാനം ഒരുക്കുക
ബോർഡുകൾ സ്ഥാപിച്ച് ബോധവത്കരണം നടത്തുക
സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുക
തെരുവ് വിളക്കുകൾ സ്ഥാപിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |