ഇരിങ്ങൽ: സംസാര ഭാഷ അന്യമാണെങ്കിലും വിരലുകളിൽ പതിഞ്ഞ സർഗ മാന്ത്രികയിലൂടെ അരുൺ പിറവി നൽകുന്ന കളിമൺ ശിൽപ്പങ്ങൾ ഭാഷയുടെ അതിരുകൾ മുറിച്ച് കാലത്തോട് സംവദിക്കുകയാണ്. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ രണ്ടാം നമ്പർ സ്റ്റാളിലാണ് കടലിന്റെയും കാടിന്റെയും കഥ പറയുന്ന ചാരുതയാർന്ന ശിൽപ്പങ്ങളുമായി അരുൺ സ്ഥിരം സാന്നിദ്ധ്യമാവുന്നത്.
കളിമണ്ണിൽ തീർത്ത ഹനുമാൻ സ്വാമിയുടെ ശിൽപം ഏറെ ശ്രദ്ധ നേടിയ സർഗ സൃഷ്ടികളിലൊന്നാണ്. കളിമണ്ണ് കൊണ്ട് രൂപം ഉണ്ടാക്കിയ ശേഷം ഫയർ ചെയ്തു കളർ കൊടുക്കുന്നതിലൂടെയാണ് ശിൽപങ്ങൾ ജന്മം കൊള്ളുന്നത്. കടലാമ, ഞണ്ട്, ആന, സിംഹം, മുതല തുടങ്ങി ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ വേറെയുമേറെയുണ്ട്. ജന്മനാ സംസാരശേഷിയില്ലാത്ത അരുണിനെ കലയുടെ വഴികളിലെത്തിച്ചത് വീട്ടുകാരുടെ നിരന്തര പ്രോത്സാഹനമായിരുന്നു. മണിയൂർ എളമ്പിലാട് അടുക്കോത്ത് നാരായണന്റെ മകനായ എ.കെ അരുൺ മ്യൂറൽ പെയിന്റിംഗിലും ശ്രദ്ധേയനാണ്. അരുൺ വരച്ച കൂറ്റൻ ചിത്രങ്ങൾ ജില്ലയുടെ പല കേന്ദ്രങ്ങളിലുമുണ്ട്. പഠിക്കുമ്പോൾ ക്ലേ മോഡലിലും പെയിന്റിംഗിലും സംസ്ഥാനതല മത്സരങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കരകൗശല രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് അരുൺ ലഭിച്ചിരുന്നു.
വിനോദ് സവിധം എടച്ചേരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |