ആലപ്പുഴ : ക്രിസ്മസ് - പുതുവത്സര അവധിക്കാലം ആഘോഷമാക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെ ടൂറിസം മേഖല ഉണർവിൽ. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം കായൽ ടൂറിസംമേഖല ഇത്രയധികം സജീവമാകുന്നത് ആദ്യമായാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും ഹൗസ് ബോട്ട് യാത്രയ്ക്കാണ് മുൻഗണന നൽകുന്നത്. പുന്നമടക്കായലിലും കുമരകത്തും ജനുവരി ആദ്യവാരം വരെ മിക്ക ഹൗസ് ബോട്ടുകൾക്കും മുൻകൂട്ടി ബുക്കിംഗ് ലഭിച്ചു.
ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പുറമെ തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്. ഹൗസ് ബോട്ടുകൾക്ക് പുറമെ ശിക്കാര വള്ളങ്ങൾക്കും ആവശ്യക്കാർ കൂടുതലാണ്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തരും പുന്നമടയിലെത്തുന്നുണ്ട്. കായലോരങ്ങളിലെ ഹോംസ്റ്റേകളും റിസോർട്ടുകളും സഞ്ചാരികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കായൽ ടൂറിസത്തിലെ ഉണർവ് ടാക്സി തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും വലിയ ആശ്വാസമാണ് പകരുന്നത്. ജില്ലയിലേക്കു വരുന്നവരിൽ ഭൂരിഭാഗവും ബീച്ചുകൾ കൂടി സന്ദർശിച്ചാണ് മടങ്ങുന്നത്.
സുരക്ഷ കർശനമാക്കി
സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ സുരക്ഷാ സംവിധാനങ്ങളും കർശനമാക്കി
ടൂറിസം പൊലീസും ജലഗതാഗത വകുപ്പും നിരന്തരമായ പരിശോധനകൾ നടത്തുന്നുണ്ട്
ബോട്ടുകളിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്
തിരക്കുള്ളതിനാൽ ചില ഹോംസ്റ്റേകളിലും മറ്റും സാധാരണ നിരക്കിന്റെ ഇരട്ടി ഈടാക്കുന്നെന്നും പരാതിയുമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |