കോഴിക്കോട്: ടൂറിസത്തിന്റെ ഹബ്ബായി കോഴിക്കോട് മാറുമ്പോഴും പല വിനോദസഞ്ചാര കേന്ദ്രങ്ങളും അപകടതുരുത്താകുന്നത് മറന്നുകൂട. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിനവും കുടുംബത്തോടൊപ്പം നിരവധി സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ പോകുന്ന സ്ഥലത്തെപ്പറ്റി കൃത്യമായ ധാരണയില്ലാത്തത് അപകടങ്ങളിലേക്ക് വഴി വെട്ടുകയാണ്. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ കരിയാത്തുപാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ ആറു വയസുകാരിയുടെ ദാരുണ മരണം ഉള്ളുലയ്ക്കുന്നതാണ്. ടൂറിസം കേന്ദ്രം ഗേറ്റിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ കളിച്ചുകൊണ്ടിരിക്കെ കുട്ടി ജലാശയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ ജൂലായിൽ കക്കയം പുഴയിൽ ഒഴുക്കിൽ പെട്ട് കിനാലൂർ സ്വദേശിയായ യുവാവും ആഗസ്റ്റിൽ കരിയാത്തുംപാറയിൽ കോട്ടയം സ്വദേശിയായ യുവാവും മുങ്ങി മരിച്ചിരുന്നു. നിരവധി പേരാണ് ഇത്തരത്തിൽ ഈ പ്രദേശത്ത് അപകടത്തിൽ പെട്ട് മരിച്ചിട്ടുള്ളത്.
സൂക്ഷിക്കണം, അപകടക്കെണി
ജില്ലയിലെ ഏറെ മനോഹരമായ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കക്കയം ഡാം പരിസരവും കരിയാത്തുംപാറയും. വഴുക്കുള്ള പാറക്കെട്ടുകളും അടിയൊഴുക്കേറിയ കയങ്ങളുമാണ് ഇവിടെയുള്ളത്. പ്രത്യക്ഷത്തിൽ വലിയ ആഴമോ ഒഴുക്കോ ഇല്ലെന്ന് തോന്നിയാണ് പലരും വെള്ളത്തിൽ കുളിക്കാനിറങ്ങുന്നത്. എന്നാൽ കുഴികളും അടിയൊഴുക്കും അപകടം വിതയ്ക്കും.
മുന്നറിയിപ്പിലാതെ എത്തുന്ന മലവെള്ളപ്പാച്ചിലും ഇവിടെ പതിവാണ്. വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ മഴക്കാലത്ത് മലവെള്ളപ്പാച്ചിൽ എപ്പോഴും പ്രതീക്ഷിക്കാം. വയനാട് ഭാഗങ്ങളിൽ ശക്തമായ മഴ പെയ്താൽ വളരെ വേഗം ഇവിടെ പുഴയിലേക്ക് മലവെള്ളം കുത്തിയൊലിച്ചെത്തും. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ കരിയാത്തും പാറ പ്രദേശത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പ്രധാന ഭാഗങ്ങളിൽ ഗൈഡുമാർ ഉണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ പലയിടത്തും ഗൈഡുമാർ ഇല്ല. കക്കയം പഞ്ചവടി, പാപ്പൻചാടിക്കയം തുടങ്ങിയ ഇത്തരം സ്ഥലങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നു. ഇത്തരം സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് ആളുകൾ പുഴയിലേക്ക് ഇറങ്ങുന്നത്.
സമാനമായ സാഹചര്യമാണ് കോടഞ്ചേരി പതങ്കയത്തുള്ളത്. ഇരുവഞ്ഞിപ്പുഴയിലെ ആഴമേറിയ കയങ്ങളെക്കുറിച്ച് അറിവില്ലാത്ത സഞ്ചാരികളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. ഇതുവരെ മുപ്പതോളം പേർ പതങ്കയത്ത് മരിച്ചു. അവസാനമായി അരീക്കോട് സ്വദേശി കാവന്നൂർ സൽമാനാണ് ഇവിടെ മരിച്ചത്.
''നീന്തലറിയുന്നവർ പോലും കരിയാത്തുംപാറയിൽ പല തവണ അപകടത്തിൽ പെട്ടിട്ടുണ്ട്. വിദഗ്ദ്ധ പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളെ നിയോഗിക്കണം. പുഴയിൽ ഇറങ്ങുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയാൽ അപകടം കുറയ്ക്കാനാവും
രാമകൃഷ്ണൻ,
പ്രദേശവാസി
വിനോദ സഞ്ചാരത്തിനെത്തുന്നവരുടെ അശ്രദ്ധയാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം. ലൈഫ് ഗാർഡുമാരുടെ വാക്കുകൾ കേൾക്കാതെയാണ് പലരും വെള്ളത്തിലിറങ്ങുന്നത്. കുറച്ച് ലൈഫ് ഗാർഡുമാർ മാത്രമാണ് ഇവിടെയുള്ളത്. അവർക്ക് എല്ലാവരെയും ശ്രദ്ധിക്കാൻ സാധിക്കില്ല'' ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |