
തൃശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്‌ലറ്റിക്‌സ് മീറ്റിൽ രണ്ടാം ദിനത്തിൽ പിറന്നത് മൂന്ന് മീറ്റ് റെക്കാഡുകൾ. പെൺകുട്ടികളുടെ 20 കിലോമീറ്റർ നടത്തം, ആൺകുട്ടികളുടെ 110 മീറ്റർ ഹഡിൽസ്, 4*400 മീറ്റർ മിക്‌സഡ് റിലേ എന്നിവയിലാണ് പുതിയ റെക്കാഡുകളുടെ പിറവി. ആദ്യ മത്സര ഇനമായിരുന്ന 20 കിലോമീറ്റർ നടത്തത്തിൽ പാലക്കാട് മേഴ്‌സി കോളേജിലെ വി.ബി.വർഷ പുതിയ സമയം കുറിച്ചു. 1 മണിക്കൂർ 51 മിനിറ്റ് 39.07 സെക്കൻഡിലാണ് വർഷ ഫിനിഷ് ലൈൻ തൊട്ടത്. 2020ൽ ഇതേ കോളേജിലെ എ.ദിവ്യയുടെ റെക്കാഡാണ് മറികടന്നത്. ഒരു മണിക്കൂർ 55 മിനിറ്റ് 28.90 സെക്കൻഡിലാണ് ദിവ്യ 20 കിലോമീറ്റർ താണ്ടിയത്.
4*400 മീറ്റർ മിക്‌സഡ് റിലേയിൽ കോഴിക്കോട് ഗവ. കോളേജ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷനിലെ അന്ന ടെസ് ജയ്‌മോൻ, വി.ബി.പൂർണിമ, എ.എസ്.അശ്വിൻ അജയ്, റോമി പോൾ റോയ് എന്നിവർ 3 മിനിറ്റ് 55.39 സെക്കൻഡിൽ ഓടിയെത്തി പുതിയ സമയം കുറിച്ചു. 110 മീറ്റിൽ ഹഡിൽസിൽ എസ്.ഷാഹുലും പുതിയ വേഗത്തിന്റെ ഉടമയായി.
പെൺകുട്ടികളിൽ ക്രൈസ്റ്റും ആൺകുട്ടികളിൽ സെന്റ് തോമസും മുൻപിൽ
കുന്നംകുളം: കലിക്കറ്റ് സർവകലാശാല ഇന്റർ കൊളീജിയറ്റ് കായിക മേള രണ്ടാം ദിനം പിന്നിടുമ്പോൾ പെൺകുട്ടികളുടെ ഓവറാൾ ചാമ്പ്യൻഷിപ്പിന് ഇഞ്ചോടിഞ്ച് പോരാട്ടം. 36 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും 31 പോയിന്റുമായി തൃശൂർ വിമല കോളേജുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. 26 പോയിന്റുള്ള പാലക്കാട് മേഴ്‌സി കോളേജാണ് മൂന്നാമത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ 51 പോയിന്റുമായി തൃശൂർ സെന്റ് തോമസ് കോളേജ് ബഹുദൂരം മുൻപിലാണ്. 25 പോയിന്റുള്ള ക്രൈസ്റ്റ് രണ്ടാമതും 14 പോയിന്റുമായി പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ് മൂന്നാമതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |