SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.28 PM IST

കാട്ടാനയിറങ്ങിയതായി അഭ്യൂഹം, പിന്നാലെ വിവാദവും

Increase Font Size Decrease Font Size Print Page
aanapindam

ഉടുമ്പന്നൂർ: പുതുവർഷത്തിൽ വനാതിർത്തിയോട് ചേർന്ന ജനവാസമേഖലയിൽ ആനപ്പിണ്ഡം കണ്ട സംഭവം വിവാദമാകുന്നു. എന്നാൽ '' ആനക്കഥ '' വ്യാജമാണെന്ന് വനപാലകരടക്കം സ്ഥിരീകരിച്ചതോടെ, പിണ്ഡമെത്തിച്ച അജ്ഞാതനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പഞ്ചായത്തിലെ മൂന്നാംവാർഡായ പരിയാരം കോട്ടക്കവലയിലാണ് സംഭവം. ഭീതി പരത്താൻ ബോധപൂർവം ആരോ പിണ്ഡം ഇട്ടതാണെന്നാണ് ജനസംസാരം. ആന പിണ്ഡം കിടന്ന സ്ഥലത്ത് ഒരു പ്ലാസ്റ്റിക് കവർ കിടന്നതും ഉണക്ക പിണ്ഡം ഇവിടെ കൊണ്ടിട്ടതാണെന്ന ആരോപണം ബലപ്പെടുത്തുകയാണ്. ഇതിനകത്തും പിണ്ഡത്തിന്റെ അംശം കണ്ടതാണ് ഈ സംശയം സാധൂകരിക്കുന്നത്. പിണ്ഡത്തിനൊപ്പം വെള്ളമൊഴിച്ച് ആനമൂത്രമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. വേളൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപം തേക്ക് പ്ലാന്റേഷനുമായി അതിർത്തി പങ്കിടുന്ന കവലയിലാണ് ആനപിണ്ഡം കണ്ടത്. എന്നാൽ ഇതിനോട് ചേർന്നുള്ള കടയ്‌ക്കോ ക്ഷേത്രത്തിന്റെ ഭണ്ഡാരക്കുറ്റിക്കോ അടക്കം യാതൊരുവിധ കേടുപാടുകളുമില്ല. സമീപത്ത് വാഴയടക്കമുള്ള കൃഷിയിടങ്ങൾ ധാരാളം ഉണ്ടായിട്ടും ഇവിടെയൊന്നും കാട്ടാന ഇറങ്ങിയിട്ടില്ല എന്ന് മാത്രമല്ല ഒരു കാൽപ്പാട് പോലുമില്ല എന്നതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുകയാണ്. ആനയിറങ്ങിയതായി വനംവകുപ്പും സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിന്നും ആനയെത്തിയതായി യാതൊരു വിധ സൂചനയും ലഭിച്ചിട്ടില്ലെന്ന് വനപാലകർ വ്യക്തമാക്കി.

 ആനപിണ്ഡം

വേളൂർ വനത്തിൽ നിന്നും ?

ആനപ്പിണ്ഡം നാട്ടിലെത്തിയത് വേളൂർ വനമേഖലയിൽ നിന്നാകാമെന്ന നിഗമനത്തിലാണ് വനപാലകർ. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാരെ ഭയപ്പെടുത്താനായി ബോധപൂർവം ആരോ ഇവിടെ കൊണ്ടിട്ടതാണെന്ന നിഗമനമാണ് വനംവകുപ്പിനും. സമീപത്തുള്ള കിഴക്കൻപാടം, ചാത്തൻമല തുടങ്ങിയ പ്രദേശങ്ങളിലെ ചില കൃഷിയിടങ്ങളിൽ സമീപകാലത്ത് കാട്ടാന ഇറങ്ങിയതിനാൽ ജനം ഭീതിയിലായിരുന്നു. ഇതാണ് കോട്ടക്കവലയിലും ആനയിറങ്ങിയെന്ന അഭ്യൂഹം പരിഭ്രാന്തി പടർത്തിയത്. സമീപ സ്ഥലങ്ങളായ ഓലിപ്പാറ, വരിക്ക മറ്റം, വേളൂർ, പൊങ്ങൻതോട്, പുലികാവ്, ആൾക്കല്ല്, മലയിഞ്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാട്ടാനശല്യം അനുദിനം വർധിക്കുകയാണ്.

സ്വയംസന്നദ്ധ

പുനരധിവാസ

പദ്ധതിയും ഇഴയുന്നു
വന്യജീവി ആക്രമണം രൂക്ഷമായതോടെ വനംവകുപ്പ് നടപ്പിലാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലൂടെ നഷ്ടപരിഹാരം വാങ്ങി, ഭൂമി വിട്ടൊഴിയാൻ അപേക്ഷ നൽകിയ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. സ്ഥിര താമസക്കാരായവരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്താതെ അശാസ്ത്രീയമായ രീതിയിൽ വനപാലകർ ഫണ്ട് വിതരണം ചെയ്തതിനാൽ അർഹരായ പലർക്കും പണം കിട്ടിയിട്ടില്ല. പല അപേക്ഷകരെയും നിസാര കാരണങ്ങളുടെ പേരിൽ വനംവകുപ്പ് പദ്ധതിയിൽ നിന്നും പുറത്താക്കിയതായും ആരോപണമുണ്ട്. വരിക്കമറ്റം, വേളൂർ തുടങ്ങിയ സ്ഥലങ്ങളിലെ അർഹരായ അപേക്ഷകരെയാണ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വനംവകുപ്പ് മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കിയത്.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY