
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസിലെ രണ്ടാം പ്രതിയും മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആന്റണി രാജുവിനെതിരെ തെളിഞ്ഞു. ഒന്നാം പ്രതി കെ എസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സിജെഎം കോടതിയാകും ശിക്ഷാവിധി പ്രഖ്യാപിക്കുക. 409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വഞ്ചിയൂര്‍ കോടതി പ്രതിയെ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെയാണ് സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി രക്ഷപ്പെട്ട വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തിയത്. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പൊലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്ന് തൊണ്ടിമുതല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തി. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |