
ബാലരാമപുരം: സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ പതിവായി സഞ്ചരിക്കുന്ന കൊടിനട- വടക്കേവിള റോഡിൽ മാലിന്യം കുന്നുകൂടുന്നതിനെതിരെ വ്യാപക പരാതിയുയരുന്നു. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് മാലിന്യം ഇവിടെ തള്ളുന്നത്. പ്രദേശത്ത് സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം കൊണ്ടിടുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മാലിന്യനിക്ഷേപം വർദ്ധിച്ചതോടെ തെരുവ് നായ്ക്കളും ഈ ഭാഗത്തേക്ക് കൂടുതൽ അടുക്കുകയാണ്. ഇക്കാരണത്താൽ വഴിയാത്രക്കാർക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ദുർഗന്ധം കാരണം പരിസരത്തെ വ്യാപാരികളും പ്രതിഷേധത്തിലാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് പ്രദേശം മാലിന്യമുക്തമാക്കണമെന്നും നാട്ടുകാരും വടക്കേവിള റസിഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |