
മുംബയ്: ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പരിക്ക് മൂലം കളിക്കാതിരുന്ന ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലും വൈസ് ക്യാപ്‌ടൻ ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തി. അതേസമയം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രേയസ് ഫിറ്റ്‌നസ് ടെസ്റ്റ് പാസായേലെ പരമ്പരയിൽ ഉണ്ടാകൂ. അജിത് അഗാർക്കർ അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ഇന്നലെയാണ് ടീമിനെ ്തിരഞ്ഞെടുത്തത്.
കെ.എൽ രാഹുലിനൊപ്പം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ നിലനിറുത്തി. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിൽ സെഞ്ച്വറിയടിച്ച റുതുരാജ് ഗെയ്‌ക്‌വാദിനെയും ടീമിലുണ്ടായിരുന്ന തിലക് വർമ്മേയും ധ്രുവ് ജൂറലിനേയും ഒഴിവാക്കി. മുഹമ്മദ് സിറാജ് തിരച്ചെത്തിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം പുറത്തെടുക്കുന്ന പേസർ മുഹമ്മദ് ഷമിയെ ഇത്തവണയും പരിഗണിച്ചില്ല. ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്‌ക്കും വിശ്രമം അനുവദിച്ചു. ഹാർദിക് പത്ത് ഓവർ എറിയാനുള്ള ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നും ട്വന്റി-20 ലോകകപ്പ് മുന്നിൽക്കണ്ട് താരത്തിന് വിശ്രമം നൽകേണ്ടതുണ്ടെന്നും സെലക്ഷൻ കമ്മിറ്റ് അറിയിച്ചു. മീഡിയം പേസ് ഓൾ റൗണ്ടർ നിധീഷ് കുമാർ റെഡ്ഡിയാണ് ഹാർദികിന് പകരം ടീമിലുള്ളത്.
സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ടീമിലുണ്ട്. യശ്വസി ജയ്‌സ്വാളാണ് ബാക്ക് അപ്പ് ഓപ്പണർ.
ടീം: ഗിൽ,രോഹിത്,വിരാട്,ശ്രേയസ്,രാഹുൽ,പന്ത്,സുന്ദർ,ജഡേജ,സിറാജ്,റാണ,പ്രസിദ്ധ്,കുൽദീപ്,നിതീഷ്,അർഷ്‌ദീപ്,യശ്വസി.
മത്സരങ്ങൾ
ഒന്നാം ഏകദിനം - ജനുവരി 11, വഡോദര
രണ്ടാം ഏകദിനം - ജനുവരി 14, രാജ്കോട്ട്
മൂന്നാം ഏകദിനം-ജനുവരി 18, ഇൻഡോർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |