
പുതുവർഷത്തെ വനിതാ കർഷകരുടെ അന്താരാഷ്ട്ര വർഷമായാണ് ഐക്യരാഷ്ട്ര സംഘടന ആഘോഷിക്കുന്നത്. ഭക്ഷ്യോത്പാദന മേഖലയിൽ വനിതകളുടെ പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നു. ഭക്ഷ്യസുരക്ഷ, പോഷണം, ദാരിദ്ര്യ ലഘൂകരണം, ലിംഗസമത്വം എന്നിവയിലുള്ള വനിതാ കർഷകരുടെ സംഭാവനയ്ക്ക് ഏറെ ഊന്നൽ നൽകുന്ന വർഷമാണിത്. ടെക്‌നോളജിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. പിന്നിട്ടത് സഹകരണ മേഖലയുടെ വർഷമായിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നിവ ഈ വർഷം കൂടുതൽ കരുത്താർജ്ജിക്കും. ഇതിന് ആനുപാതികമായി ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും മാറ്റങ്ങളുണ്ടാകും. സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ലിറ്ററസി, ക്രിയേറ്റിവിറ്റി, സംരംഭകത്വം, ഓൺലൈൻ ലേർണിംഗ്, ഹൈബ്രിഡ് ലേർണിംഗ് എന്നിവയിൽ വലിയ വളർച്ച ദൃശ്യമാകും. റോബോട്ടിക്സ് , ഓട്ടമേഷൻ, ഡിസൈൻ, എൻജിനിയറിംഗ്, ക്ളൗഡ് സിസ്റ്റം എന്നിവ വിപുലമാകും. ഡാറ്റാ സയന്റിസ്റ്റുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
അഗ്രി ബിസിനസ്, ജനറ്റിക്സ്
പരിസ്ഥിതി, കാലാവസ്ഥാ മാറ്റം എന്നിവയിൽ കൺസൾട്ടന്റുമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. പാരമ്പര്യേതര ഊർജ്ജം, സുസ്ഥിര വികസനം, അഗ്രി ബിസിനസ്, അഗ്രി ടെക്‌നോളജി, ഹെൽത്ത് കെയർ, ബയോമെഡിക്കൽ സിസ്റ്റം, വ്യക്തിഗത ജനറ്റിക്സ് നഴ്സിംഗ്, ബയോടെക്‌നോളജി എന്നീ മേഖലകൾ വളർച്ച കൈവരിക്കും. ബിസിനസ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ- കൊമേഴ്സ്, ബിസിനസ് അനലിസ്റ്റ്, ഫിൻ ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ സിസ്റ്റംസ് എന്നിവയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. കണ്ടന്റ് ക്രിയേഷൻ, അനിമേഷൻ, വിർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, കോമിക്സ്, ഗെയിമിംഗ്, ഗെയിമിംഗ് ടെക്‌നോളജി എന്നിവയിൽ പുതുവർഷത്തിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകും. മികച്ച തൊഴിൽ ലഭിക്കാൻ മികവുറ്റ സ്‌കില്ലുകൾ ആവശ്യമായി വരും. അപ് സ്‌കില്ലിംഗ്, റീ സ്‌കില്ലിംഗ് എന്നിവ വിപുലപ്പെടും.
ബിരുദത്തിനു ശേഷം വിദേശത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവർഷം 12 ലക്ഷമായി ഉയരും. ന്യൂ ജനറേഷൻ കോഴ്സുകൾ തേടിയുള്ള വിദ്യാർത്ഥികളുടെ വിദേശ പലായനം വർദ്ധിക്കും. ടെക്‌നോളജി, പരിസ്ഥിതി, സുസ്ഥിര വികസനം, കാലാവസ്ഥാ മാറ്റം എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് ചേരാൻ കൂടുതൽ വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിക്കും. അമേരിക്ക, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ കുടിയേറും. എ.ഐ അധിഷ്ഠിത - ലാ അധിഷ്ഠിത ഇന്റഗ്രേറ്റഡ് മാനേജ്മന്റ് കോഴ്സുകൾ കൂടുതലായി രൂപപ്പെടും. മൾട്ടി ടാസ്‌കിംഗ് കോഴ്സുകൾ, തൊഴിലുകൾ എന്നിവ വിപുലപ്പെടും. മൾട്ടി ഡിസിപ്ലിനറി ഗവേഷണം ശക്തമാകും.
2026- ൽ രാജ്യത്ത് കൂടുതൽ സ്വകാര്യ, ഡീംഡ് യൂണിവേഴ്സിറ്റികൾ പ്രവർത്തിച്ചുതുടങ്ങും. കൂടുതൽ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ രാജ്യത്ത് നിലവിൽ വരും. എ.ഐ, ബയോടെക് ഇന്നൊവേഷൻസ്, ഓട്ടമേഷൻ, ഡിജിറ്റൽ ബിസിനസ്/ മാർക്കറ്റിംഗ്, അനലിസ്റ്റ് എന്നീ തൊഴിൽ മേഖലകളിൽ 2026-ൽ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കാം.
അവസരങ്ങൾ
എന്റർടെയ്ൻമെന്റ് മേഖല പുതുവർഷത്തിൽ കരുത്താർജ്ജിക്കും. 2028-ഓടെ വിനോദ മേഖല 3,65,000 കോടി രൂപയുടെ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ഇന്ത്യ ഈ രംഗത്ത് ലോകത്ത് എട്ടാം സ്ഥാനത്തെത്തും. ഡിജിറ്റൽ അഡ്വർടൈസിംഗ് രംഗം വൻ വളർച്ച കൈവരിക്കും. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ ഗെയിമിംഗ്, ജനറേറ്റീവ് എ.ഐ, വീഡിയോ ഓൺ ഡിമാൻഡ് സേവനം എന്നിവ വളർച്ച കൈവരിക്കും. റീറ്റെയ്ൽ രംഗത്ത് ഈ വർഷം ഇന്ത്യ കൂടുതൽ വളർച്ച കൈവരിക്കും. ഇതിന് ആനുപാതികമായി ക്രിയേറ്റിവിറ്റി, ഡിസൈൻ കോഴ്സുകൾ ശക്തിപ്പെടും.
2026-ൽ എഐ തന്നെയാകും താരം. ഐ.ടി കമ്പനികൾ ജനറേറ്റീവ് എ.ഐ പരീക്ഷണത്തിൽ നിന്ന് പദ്ധതി നടത്തിപ്പിലേക്കാണ് പ്രാധാന്യം നൽകുന്നത്. എ.ഐക്കു വേണ്ടി കോർപറേറ്റുകൾ ചെലവാക്കുന്ന തുകയിൽ ആറിരട്ടി വർദ്ധനവുണ്ടാകും. ഗൂഗിൾ ക്ളൗഡ്, ക്യാപ് ജമിനി , ഐ.ബി.എം തുടങ്ങിയ കമ്പനികൾ ഈ വർഷം കൂടുതൽ മുതൽ മുടക്കും. മൈക്രോസോഫ്ട് ഇന്ത്യയിൽ നടപ്പാക്കുന്ന മെഗാ എ.ഐ പ്രൊജക്റ്റ് ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് ഏറെ ഗുണകരമാകും.
എ.ഐ ഇൻഫ്രാസ്ട്രക്ചർ, ക്ലൗവ്ഡ് കമ്പ്യൂട്ടിംഗ്, എ.ഐ അധിഷ്ഠിത സ്‌കിൽ വികസനം എന്നിവയിൽ 2030-ഓടുകൂടി ഒരുകോടി പ്രൊഫഷണലുകളെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കുന്നത്. എച്ച് 1 ബി വിസ പ്രതിസന്ധി മൂലം ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് അമേരിക്കയിൽ തൊഴിലവസരങ്ങൾ കുറയുമ്പോൾ , മൈക്രോസോഫ്ടിന്റെ എ.ഐ പ്രൊജക്റ്റിലൂടെ രാജ്യത്ത് പ്രതിവർഷം രണ്ടു ലക്ഷത്തോളം ബിരുദദാരികൾക്ക് ഐ.ടി സേവന മേഖലയിൽ തൊഴിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |