
ന്യൂഡൽഹി: വെനസ്വേലയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൈയൂക്കുള്ളവൻ കാര്യക്കാരനെന്നാണ് ശശി തരൂർ യുഎസ് നീക്കത്തെക്കുറിച്ച് പറഞ്ഞത്. എഴുത്തുകാരൻ കപിൽ കോമിറെഡ്ഡിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ശശി തരൂർ പ്രതികരിച്ചത്. വെനസ്വേലയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ നീക്കത്തെക്കുറിച്ചായിരുന്നു കപിൽ കോമിറെഡ്ഡിയുടെ പോസ്റ്റ്.
അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭ ചാർട്ടറും കുറച്ചുകാലമായി ലംഘിക്കപ്പെട്ടുവരികയാണ്. ഇന്ന് കാടിന്റെ നിയമമാണ് നിലനിൽക്കുന്നത്. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് പുതിയ അനുശാസനമെന്നായിരുന്നു ശശി തരൂർ കുറിച്ചത്. ഇന്ന് വെനസ്വേലയിലെ ഗുണ്ടായിസത്തെ അംഗീകരിക്കുന്നവരെല്ലാം ചൈന, തായ്‌വാൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകുമ്പോൾ അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ എന്നിങ്ങനെ അലമുറയിടുമെന്നാണ് കോമിറെഡ്ഡി പ്രതികരിച്ചത്. രാജ്യങ്ങളെ വിലയിരുത്തുന്നതിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും എഴുത്തുകാരൻ കുറിച്ചിട്ടുണ്ട്.
വെനസ്വേലയിൽ വ്യോമാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് ബന്ദിയാക്കിയിരുന്നു. ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസിലേക്ക് യുദ്ധക്കപ്പലിൽ പിടിച്ചുകൊണ്ടുപോയി. മയക്കുമരുന്ന് സംഘത്തലവൻ, ഭീകരഗ്രൂപ്പ് നേതാവ് എന്നൊക്കെ ട്രംപ് മുദ്രകുത്തിയ മഡുറോയെ ന്യൂയോർക്കിൽ വിചാരണ ചെയ്യുമെന്നാണ് സൂചന. അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്നും സഹകരിക്കാമെന്ന് വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വെസ് സമ്മതിച്ചെന്നും ട്രംപ് അറിയിച്ചു.
ഇന്നലെ പുലർച്ചെ തലസ്ഥാനമായ കാരക്കാസിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെയായിരുന്നു വ്യോമാക്രമണം. ഫോർട്ട് ടിയൂണ മിലിട്ടറി ബേസിലെ വസതിയിൽ നിന്നാണ് മഡുറോയെ പിടികൂടിയത്. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം രാജ്യത്തിന് പുറത്തേക്ക് കടത്തി. 150ലേറെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമായി. വെനസ്വേലൻ സൈന്യം തിരിച്ചടിച്ചെങ്കിലും ഫലമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |