കൊച്ചി: അങ്കമാലി -എരുമേലി ശബരി റെയിൽപ്പാതയുടെ നിർമ്മാണം പുനരാരംഭിക്കാൻ ആയിരം കോടി രൂപ കേന്ദ്ര ബഡ്‌ജറ്റിൽ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് അതീവതാത്പര്യമുള്ള പദ്ധതിയുടെ സ്ഥലമെടുപ്പ് വീണ്ടും ആരംഭിക്കണമെന്ന് ആക്ഷൻ കൗൺസിലും സംഘടനകളും ഭൂവുടമകളും ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ആരംഭിച്ചിട്ടില്ല.
ശബരിപ്പാതയ്‌ക്ക് ആയിരം കോടി രൂപ അടുത്ത കേന്ദ്ര ബഡ്‌ജറ്റിൽ അനുവദിക്കണമെന്ന് വാഴക്കുളം ആസ്ഥാനമായ പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കേന്ദ്രമന്ത്രി ജോർജ് കുര്യന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ നടപടികളും സ്വീകരിക്കണം. ദീർഘകാലമായി സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളിൽ പ്രധാനമാണ് ശബരിപ്പാത. ശബരിമല തീർത്ഥാടകരെ ലക്ഷ്യമിടുന്ന പാത എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലും ഇടുക്കി ജില്ലയിലും പ്രധാനമാണെന്ന് നിവേദനത്തിൽ പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ, സെക്രട്ടറി രാജു ജോസഫ് എന്നിവർ പറയുന്നു.
410 കോടി വേണം
ജില്ലയിൽ കാലടി മുതൽ ഇടുക്കി ജില്ലാ അതിർത്തിയായ കരിങ്കുന്നം വരെ സ്ഥലം ഏറ്റെടുക്കാൻ 513 കോടി രൂപ ആവശ്യമാണ്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ 39 കിലോമീറ്റർ പ്രദേശം ഏറ്റെടുക്കാൻ 410 കോടി ചെലവാകും.
ഇടുക്കി, കോട്ടയം ജില്ലകളിൽ രാമപുരം സ്റ്റേഷൻ വരെ 14 കിലോമീറ്റർ ദൂരത്തെ സ്ഥലം ഏറ്റെടുക്കാൻ സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല. പഠനം ആരംഭിക്കണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു.
ഫണ്ട് തടസമാകില്ല
ശബരി റെയിൽപ്പാത നിർമ്മാണത്തിന് സംസ്ഥാന വിഹിതം ഫണ്ടിന് തടസമില്ലെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ആക്ഷൻ കൗൺസിൽ അധികൃതരെ അറിയിച്ചിരുന്നു.
നേട്ടങ്ങൾ, പ്രയോജനങ്ങൾ
സുരക്ഷിതവും ഫലപ്രദവുമായ യാത്രാസൗകര്യം ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഗുണകരം
കൃഷി, ടൂറിസം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിൽ പ്രാദേശിക സാമ്പത്തികവളർച്ചയെ സഹായിക്കും
ഗ്രാമീണ, അർദ്ധനഗര മേഖലകളെ ബന്ധിപ്പിക്കുന്നത് വർദ്ധിപ്പിക്കും
കിഴക്കൻ മേഖലയിലെ പൈനാപ്പിൾ, സുഗന്ധവ്യഞ്ജനങ്ങൾ, റബർ, പ്ളൈവുഡ് എന്നിവയുടെ ഗതാഗതം എളുപ്പമാക്കുന്നു. കിഴക്കൻ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലേയ്‌ക്ക് വിനോദസഞ്ചാരികളുടെ യാത്ര എളുപ്പമാക്കുന്നു.
ശബരിപ്പാത
അങ്കമാലി - എരുമേലി
111 കിലോമീറ്റർ
ചെലവ് 3,810 കോടി
കിലോമീറ്ററിന് 34.3 കോടി രൂപ
ജില്ലയിൽ 49 കിലോമീറ്റർ
ജില്ലയിലെ സ്‌റ്റേഷനുകൾ
കാലടി
പെരുമ്പാവൂർ
ഓടക്കാലി
കോതമംഗലം
മൂവാറ്റുപുഴ
വാഴക്കുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |