
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചും, ഒരുക്കങ്ങൾ തുടങ്ങിയും മുന്നണികൾ. വൈക്കത്ത് സി.കെ. ആശ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കും. യു.ഡി.എഫ് എം.എൽ.എമാർ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു. ജനകീയ മന്ത്രിയെന്ന് പേരെടുത്ത വി.എൻ.വാസവന് ഇക്കുറിയും അവസരം കൊടുക്കുമെന്ന് ഉറപ്പായി. രണ്ട് ടേം നിബന്ധനയാണ് ആശയയ്ക്ക് പകരം ആളുകളെ പരിഗണിക്കാൻ കാരണം. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനല്ലാതെ മറ്റൊന്നും യു.ഡി.എഫ് ചിന്തിക്കുന്നില്ല. ഏറ്റുമാനൂരിൽ അഞ്ചുവർഷക്കാലത്തെ വികസനത്തിലൂന്നിയാണ് വി.എൻ.വാസവൻ മത്സരിക്കാൻ എത്തുക. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് മുന്നൊരുക്കങ്ങൾ തുടങ്ങിയപ്പോൾ പാലായിൽ താനാണ് മത്സരിക്കുന്നതെന്ന് മാണി സി.കാപ്പൻ തുറന്നു പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ വീടുകയറ്റം നിയമസഭയ്‌ക്ക് വേണ്ടിയുള്ള ഉഴുതുമറിക്കലായി മാറ്റിയാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സജീവമായത്. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും, കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജും, ചങ്ങനാശേരിയിൽ ജോബ് മൈക്കിളും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മറ്റുമായി സജീവമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ചൂടാറും മുൻപേ
രണ്ട് മാസത്തിനകം പ്രഖ്യാപനമുണ്ടാകുമെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ചൂടാറാതെ നിറുത്തുകയാണ് യു.ഡി.എഫ് നേതാക്കൾ. തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ എൽ.ഡി.എഫും നേട്ടങ്ങൾ വിജയമാക്കാൻ ബി.ജെ.പിയും ശ്രമിക്കുമ്പോൾ ജില്ലയിലും ഇത്തണ പോരാട്ടം ശക്തമാകും. കഴിഞ്ഞ തവണ ഒമ്പതിൽ അഞ്ചും നേടിയത് എൽ.ഡി.എഫാണ്. ഏറ്റുമാനൂർ, വൈക്കം, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകൾ എൽ.ഡി.എഫും കോട്ടയം, കടുത്തുരുത്തി, പാലാ, പുതുപ്പള്ളി സീറ്റുകൾ യു.ഡി.എഫുമാണ് വിജയിച്ചത്. കൈവിട്ട സീറ്റുകൾ തിരികെ പിടിക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. കാഞ്ഞിരപ്പള്ളി പിടിക്കുകയും പൂഞ്ഞാർ, പാലാ, ചങ്ങനാശേരി മണ്ഡലങ്ങൾ എ ക്ളാസ് മണ്ഡലങ്ങളായി മാറ്റുകയുമാണ് ബി.ജെ.പി ലക്ഷ്യം.
സ്ട്രാറ്റജികൾ ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യു.ഡി.എഫിന് ആത്മവിശ്വാസം
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ ചർച്ചയാക്കി നിലനിറുത്തും
വോട്ടുചോർച്ചയില്ലാതാക്കാൻ പരമാവധിപ്പേരെ നേരിൽക്കാണാൻ എൽ.ഡി.എഫ്
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കൂടുതൽ ആളുകളിലെത്തിക്കും
കേന്ദ്ര പദ്ധതികൾ അക്കമിട്ട് നിരത്തി ജനങ്ങളിലേക്കിറങ്ങാൻ എൻ.ഡി.എ
തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മേഖലകളിൽ നേടിയ മുന്നേറ്റം പ്രചോദനം
2021ലെ കക്ഷിനില
9 നിയമസഭ സീറ്റുകൾ
എൽ.ഡി.എഫ് : 5
യു.ഡി.എഫ് : 4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |