SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.48 PM IST

ന​മ്പീ​ശ​ൻ​ ​ക​വ​ല​യെ വിറപ്പിച്ച് പുലി,​ കടുവ​ ​

Increase Font Size Decrease Font Size Print Page
lio
പൊഴുതന അച്ചൂരിൽ പുലി ആക്രമിച്ച പശുക്കിടാവുമായി കർഷകൻ

വളർത്തുനായയെ കൊന്നത് പുലി; സമീപത്ത് കടുവയും

സുൽത്താൻ ബത്തേരി : നമ്പീശൻ കവലയിലെ കല്ലേക്കുളങ്ങര ഷൈനിന്റെ വളർത്തു നായയെ കൊന്നുതിന്നത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചു . നായയുടെ ജഡാവശിഷ്ടം കിടന്ന ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ശനിയാഴ്ച പുലർച്ചെയാണ് വളർത്ത് നായയെ കാണാതാവുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജഡാവശിഷ്ടങ്ങൾ കൃഷിയിടത്തിൽ കണ്ടെത്തിയത്. പുലിയാണ് നായയെ കൊന്നതെന്ന പ്രാഥമിക നിഗമനം ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായില്ല . ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് മേഖലയിൽ ഭീതിപടർത്തി വന്ന വന്യജീവി പുലിയാണെന്ന് സ്ഥിരികരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ മേഖലയിൽ ഒരു കടുവയെയും കണ്ടെത്തി. പുലിയെ കണ്ട സ്ഥലത്ത് നിന്ന് ഒരുകിലോമീറ്റർ മാറി മംഗലംകുന്നിലാണ് കടുവയെ നാട്ടുകാർ കണ്ടത്. സാധാരണ കടുവയുള്ള ഭാഗത്ത് പുലിയുടെ സാന്നിദ്ധ്യം ഉണ്ടാകാറില്ല . പുലിയേയും കടുവയേയും അടുത്തടുത്ത പ്രദേശങ്ങളിലായി കണ്ടതോടെ മേഖലയിലെ ജനം ഭീതിയിലാണ്. പുലിയേയും കടുവയേയും ഉടൻ കൂടുവെച്ചോ മയക്കുവെടി വെച്ചോ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവയുടെ സാന്നിദ്ധ്യം കൂടി മേഖലയിൽ കണ്ടതോടെ വനം വകുപ്പ് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് തെരച്ചിൽ ശക്തമാക്കി.

പൊഴുതന അച്ചൂരിൽ പുലി

പശുക്കിടാവിനെ കൊന്നു

പൊഴുതന : അച്ചൂരിൽ പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. മറ്റൊരു പശുക്കിടാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. അച്ചൂർ സ്‌കൂളിന് സമീപത്തെ ആറങ്കോടൻ മുജീബിന്റെ ( കുട്ടിപ്പയുടെ) തൊഴുത്തിലാണ് പുലി ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. പശുക്കിടാവിനെ പുലി കൊലപ്പെടുത്തി പകുതിഭാഗം ഭക്ഷിച്ചു. മറ്റൊരു പശുക്കിടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ആളുകൾ ഒച്ചവെച്ച് ഓടിക്കുകയായിരുന്നു.
മുജീബിന്റെ ഏക വരുമാന മാർഗമാണ് പശു വളർത്തൽ. നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്താണ് പുലി ആക്രമണം തുടരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വളർത്തു നായകൾ ഉൾപ്പെടെ നിരവധി മൃഗങ്ങളെയാണ് പുലി പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പകർന്നിരുന്നു. തെർമൽ ഡ്രോൺ ഉപയോഗിച്ച് സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തി. ഇനിയും പുലിയിറങ്ങാനുള്ള സാദ്ധ്യതയാണ് വനം വകുപ്പ് കാണുന്നത്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY