
ആലപ്പുഴ: യാത്രാവേളയിൽ ടോയ്ലറ്റുകൾ തേടി അലയുന്നവർക്ക് ആശ്വാസമായി ശുചിത്വമിഷന്റെ 'ക്ലൂ' ആപ്പ്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ചിരിക്കുന്ന ആപ്പിൽ ആലപ്പുഴ ജില്ലയിൽ ടോയ്ലറ്റ് സേവനങ്ങൾ ലഭ്യമാകുന്ന 36 ഇടങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയിൽ പൊതു ടോയ്ലറ്റുകളും, ടേക്ക് എ ബ്രേക്ക് കൗണ്ടറുകളും സ്വകാര്യ ഹോട്ടലുകളും ഉൾപ്പെടും. ദേശീയ, സംസ്ഥാന പാതകൾ കടന്നുപോകുന്ന പ്രദേശത്തെ സൗകര്യ കേന്ദ്രങ്ങളാണ് ആപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ സ്വകാര്യ ഹോട്ടലുകളാണ് അധികവും. ഒരു പൊതു ടോയ്ലറ്റ്, താലൂക്ക് ആശുപത്രിയോട് ചേർന്നതടക്കം രണ്ട് ടേക്ക് എ ബ്രേക്ക് സംവിധാനങ്ങൾ, എട്ടോളം ഹോട്ടലുകൾ എന്നിവയുൾപ്പടെ ചേർത്തലയിലാണ് ഏറ്റവും കൂടുതൽ 'ക്ലൂ' ഉള്ളത്. ആപ്പിൽ ഹോട്ടലുകളിൽ സേവനം ലഭ്യമാകുന്ന സമയമുൾപ്പടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് ടേക്ക് എ ബ്രേക്ക് സംവിധാനങ്ങൾ, അഞ്ച് പൊതു ടോയ്ലറ്റുകൾ എന്നിവയും ഏതാനും ഹോട്ടലുകളും 24 മണിക്കൂർ സേവനം നൽകുന്നുണ്ട്.
ആപ്പിലുള്ള
ടോയ്ലറ്റുകൾ: 36
ടോയ്ലറ്റ് സേവനങ്ങൾ ഒറ്റ ക്ലിക്കിൽ
1.പ്ലേ സ്റ്റോറിൽ നിന്ന് ക്ലൂ അപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ലഭ്യം. ആപ്പ് തുറക്കുമ്പോൾ തന്നെ കേരളത്തിന്റെ മാപ്പിൽ വിവിധ 'ക്ലൂ' കേന്ദ്രങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം
2.യാത്ര ചെയ്യുന്ന ജില്ല മാത്രം സൂംചെയ്തോ, ലൊക്കേഷൻ നൽകിയോ ടോയ്ലറ്റുകൾ കണ്ടെത്താം.ടോയ്ലറ്റിന്റെ സ്ഥാനം, ഫോട്ടോകൾ, പ്രവർത്തന സമയം, പാർക്കിംഗ് സൗകര്യം ഉൾപ്പടെയുള്ള വിവരങ്ങളും ഉപഭോക്താക്കളുടെ റേറ്റിംഗും അറിയാൻ സൗകര്യമുണ്ട്
3.ചിങ്ങോലി, ചേപ്പാട്, ചേർത്തല താലൂക്ക് ആശുപത്രി, പാണാവള്ളി, വെള്ളിയാകുളം, മുഹമ്മ എന്നിവിടങ്ങളിൽ ടേക്ക് എ ബ്രേക്ക് ടോയ്ലറ്റുകൾ. അമ്പലപ്പുഴ, പുന്നമട, ചേർത്തല, കല്ലിശേരി, ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ പബ്ലിക് ടോയ്ലറ്റുകൾ
4.ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനിലെ 10 ഹോട്ടലുകളിലും 15 റസ്റ്റോറന്റുകളിലും ടോയ്ലറ്റ് സൗകര്യമുണ്ട്.എന്നാൽ, ആലപ്പുഴ ബീച്ചിലെയും നഗരചത്വരത്തിലെയും ടോയ്ലറ്റ് സംവിധാനം ആപ്പിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് പോരായ്‌മയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |