
ആലപ്പുഴ: വിവിധ തടസങ്ങൾ നിങ്ങിയതോടെ ജില്ലാക്കോടതിപ്പാലത്തിന്റെ വിവിധ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നു. തെക്കേക്കരയിലെ പൈലിംഗ് ജോലികളും റാമ്പ് റോഡിന്റെ നിർമ്മാണവുമാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയാകാൻ മൂന്നുമാസം വേണ്ടിവരും.
പൈലിംഗ് പൂർത്തിയായാൽ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങും.
നിലവിൽ കോടതിപ്പാലത്തിന്റെ 32 ശതമാനം ജോലികളാണ് പൂർത്തിയായത്. ഫ്ലൈഓവർ നിർമ്മാണവും ഇതിനൊപ്പം നടക്കുന്നുണ്ട്. പാലം പുനർനിർമാണത്തിനുള്ള പ്രാഥമിക ജോലി 2024 നവംബറിലാണ് ആരംഭിച്ചത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പഴയ പാലം പൊളിച്ചുനീക്കി.
മുല്ലക്കൽ ചിറപ്പിനോടനുബന്ധിച്ച് സ്ഥാപിച്ച താത്കാലിക പാലം പൊളിച്ചാലേജോലികൾ പൂർണതോതിൽ നടക്കൂവെന്ന് അധികൃതർ പറഞ്ഞു. 15 ദിവസത്തേക്കായിരുന്നു പാലം നിർമ്മിച്ചത്. ഇത് പൊളിക്കുന്ന കാര്യത്തിൽ എം.എൽ.എ, ജില്ലാ കളക്ടർ എന്നിവരുടെ ഭാഗത്ത് നിന്ന് അറിയിപ്പ് വന്നിട്ടില്ല. പാലം പൊളിച്ചാൽ മാത്രമേ പൈൽക്യാപ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കാൻ കഴിയുകയുള്ളുവെന്ന് കെ.ആർ.എഫ്.ബി അധികൃതർ പറഞ്ഞു. എന്നാൽ, താത്കാലിക പാലം പൊളിക്കുന്നത് വീണ്ടും ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകും.
നിർമ്മാണച്ചെലവ് ഇനിയും കൂടും
നിലവിൽ 120.52 കോടിയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നതെങ്കിലും ഇതിൽ മാറ്രം വരാൻ സാദ്ധ്യതയുണ്ട്
നിർമ്മാണ ഘട്ടത്തിൽ പല മാറ്റങ്ങളും വന്നതാണ് തുക കൂടാൻ കാരണം. പുതുക്കിയ തുകയ്ക്ക് അനുമതി ലഭിച്ചിട്ടില്ല
2026 ആഗസ്റ്റിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്
ഇപ്പോഴത്തെ സാഹചര്യത്തിൽ 2027 മേയോടെ നിർമ്മാണം പൂർത്തിയാകുകയുള്ളുവെന്നാണ് കെ.ആർ.എഫ്.ബി അറിയിച്ചത്
ആകെ പൈലിംഗുകൾ -168
പൂർത്തിയായത്- 105
ആകെ ഗർഡറുകൾ- 174
പൂർത്തിയായത്- 27
തടസങ്ങൾ മാറിയതോടെ പാലത്തിന്റെ ജോലികൾ വേഗത്തിലായിട്ടുണ്ട്. 2027ൽ പാലം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
-കെ.ആർ.എഫ്.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |