@ പുതുവത്സരത്തിൽ
കോഴിക്കോട് എത്തിയത്
കോടികളുടെ ലഹരി വസ്തുക്കൾ
@ പിടിയിലായത് 64 പേർ
കോഴിക്കോട്: കോഴിക്കോട്ടെ ആഘോഷ രാവുകൾക്ക് 'ലഹരി' പിടിക്കുന്നതിൽ ആശങ്ക. പുതുവത്സരാഘോഷം പൊടിപൊടിക്കാൻ ജില്ലയിലേക്ക് ഒഴുകിയത് കോടികളുടെ ലഹരി വസ്തുക്കൾ. രാസ ലഹരി കടത്തി പിടിയിലായ 64 പേരിൽ ഏറെയും കോളേജ് വിദ്യാർത്ഥികൾ. ലഹരിക്കടത്ത് തടയാൻ എക്സൈസ് ഡിസം. അഞ്ച് മുതൽ ഈ മാസം അഞ്ച് വരെ നടത്തിയ സ്പെഷ്യൽ പരിശോധനകളിൽ മാത്രമാണ് ഇത്രയും പേർ കുടുങ്ങിയത്. രജിസ്റ്റർ ചെയ്തത് 69 കേസുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പിടിയിലായവരും രജിസ്റ്റർ ചെയ്ത കേസുകളും ഇരട്ടിയായി. കഴിഞ്ഞ വർഷം 29 കേസുകളിലായി 28 പേരാണ് അറസ്റ്റിലായത്. 2023 ൽ 31 കേസുകളിലായി 34 പേരും അറസ്റ്റിലായിരുന്നു. മയക്കുമരുന്ന്, അബ്കാരി, പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 514 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അബ്കാരി കേസുകളിലായി 111 പേരും നാർക്കോട്ടിക് ഡ്രഗ് വിഭാഗത്തിൽ 67 പേരും അകത്തായി. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത 568 കേസുകളിൽ 136 എണ്ണം അബ്കാരി കേസുകളും 29 നാർക്കോട്ടിക് ഡ്രഗ് വിഭാഗത്തിലും 403 കേസുകൾ പുകയില കടത്തിയതുമായി ബന്ധപ്പെട്ടാണ്.
എവിടെയും കിട്ടും സിന്തറ്റിക് - രാസലഹരി
നേരത്തെ കഞ്ചാവ്, ബീഡി തുടങ്ങിയ ലഹരിവസ്തുക്കളായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കിൽ സിന്തറ്റിക് - രാസലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും ഇപ്പോൾ ഏറിവരികയാണ്. 11.695 ഗ്രാം എം.ഡി.എ എയാണ് ഇത്തവണ എക്സെെസ് പിടികൂടിയത്. 3.493 ഗ്രാം മെത്താംഫെറ്റമിനും കണ്ടെടുത്തു. 425.000 ഗ്രാം കഞ്ചാവ് ചോക്ക്ലേറ്റുകളും പിടികൂടിയവയിൽ പെടുന്നുണ്ട്.
ഡിസംബർ- 5- ജനുവരി -5
ആകെ രജിസ്റ്റർ ചെയ്ത കേസുകൾ: 514
അബ്കാരി: 115
മയക്കുമരുന്ന്: 69
പുകയില ഉത്പന്നങ്ങൾ കടത്ത്: 283
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
എം.ഡി.എം.എ - 11.695 ഗ്രാം
മെതാംഫെറ്റമിൻ - 3.493 ഗ്രാം
കഞ്ചാവ് - 11.836 കിലോ
കഞ്ചാവ് ചെടികൾ - 17
വാഷ് -3955 ലിറ്റർ
ചാരായം - 24 ലിറ്റർ
അനധികൃത മദ്യം - 4.0 ലിറ്റർ
അന്യസംസ്ഥാന മദ്യം - 157.145 ലിറ്റർ
പുതുവത്സര ലഹരി
മദ്യം------ 654.145 ലിറ്റർ
കഞ്ചാവ്--- 11.8336 കിലോ
രാസലഹരി---- 440.318 ഗ്രാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |